അത്ഭുതത്തോടെയും അതിലുപരി അമ്പരപ്പുമായി മാളവികയുടെ മുഖത്തേക്കു നോക്കി നിന്നു സിദ്ധാർത്ഥ്.
തീയിൽ കുരുത്തതാണ് അവളെന്ന് അവനു തോന്നി.
''ഇനി..."
അവന്റെ വരണ്ടുതുടങ്ങിയ നാവ് ഒന്നനങ്ങി.
''ഇനിയെന്ത്? എല്ലാം പഴയതുപോലെ... പിന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ നാളെ വരും. വിവാഹം മുടങ്ങിയ കാര്യം അവരോടു പറയാത്തതെന്ത് എന്നു ചോദിച്ചുകൊണ്ട് കുറേ ചീത്ത വിളിച്ചെന്നിരിക്കും."
മാളവിക ചുരിദാർ ഷാളിൽ കണ്ണുകൾ ഒന്നൊപ്പി.
''അല്ലാ എവിടെയാ തന്നെ കെട്ടാനിരുന്ന ചെറുക്കന്റെ വീട്? ഞാനൊന്നുപോയി സംസാരിച്ചാലോ... താൻ മടങ്ങിയെത്താൻ വൈകിയതിന്റെ കാരണം ഞാൻ പറയാം അവരോട്."
സിദ്ധാർത്ഥ് മാളവികയുടെ അമ്മയെയും കടന്ന് മുറ്റത്തേക്കിറങ്ങി.
പിന്നാലെ മാളവികയും.
''അങ്ങനെ പറഞ്ഞാലൊന്നും അവർ വിശ്വസിക്കില്ല ചേട്ടാ. ചേട്ടന്റെ ഓട്ടോയിൽ കയറുന്നതിനു മുമ്പ് ഞാൻ എവിടെയായിരുന്നെന്ന് ചേട്ടനറിയാമോ?" അവൾ ചിരിച്ചു.
''ഇല്ല....
''അപ്പോൾ തീർന്നില്ലേ കാര്യം? അതുമാത്രമല്ല ഞാൻ ദുർനടപ്പുകാരി ആണെന്ന് ആരോ ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴേക്കും അവർ പിന്മാറാൻ ഒരുങ്ങിയില്ലേ? അങ്ങനെയുള്ളവരുടെ കൂടെ പണം അങ്ങോട്ടു കൊടുത്ത് ഞാൻ വിവാഹിതയായാൽ ജീവിതത്തിൽ സ്വസ്ഥതയുണ്ടാകുമോ? മരണം വരെ എന്നെ സംശയത്തോടെയല്ലേ അവർ കാണൂ...?"
മാളവിക പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി സിദ്ധാർത്ഥിന്.
അവൻ ഉമിനീർ വിഴുങ്ങി.
''എങ്കിൽ ഞാൻ പോട്ടെ."
''അങ്ങനെ പോയാലെങ്ങനാ? എന്നെ പോലീസ് സ്റ്റേഷനിൽ എത്തിക്കണ്ടേ ചേട്ടന്?"
''അത് പിന്നെ..."
''വേണം." അവൻ തീർത്തു പറഞ്ഞു.
''അല്ലെങ്കിൽ പിന്നെ ആ ഇൻസ്പെക്ടറോട് ചേട്ടന് എന്തുപറയാൻ കഴിയും?" ഒന്നു നിർത്തിയിട്ട് അവൾ തിരക്കി.
''സോറി... ചേട്ടന്റെ പേരെന്താ?"
സിദ്ധാർത്ഥ് മറുപടി നൽകി.
''എങ്കിൽ ഇനി സമയം കളയണ്ടാ." അവൾ ആദ്യം ചെന്ന് ഓട്ടോയിൽ കയറി.
സിദ്ധാർത്ഥ് 'മഹിമാമണി" സ്റ്റാർട്ടു ചെയ്തു.
പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര.
സാവധാനമാണ് സിദ്ധാർത്ഥ് വണ്ടിയോടിച്ചത്.
''ശരിക്കും അവർ എന്തിനാവും തന്നെ പിടിച്ചുകൊണ്ടു പോകാൻ വന്നത്?" നേരത്തെ ഒരിക്കൽ ചോദിച്ചപ്പോൾ ഉത്തരം കിട്ടാതിരുന്ന ചോദ്യം ഒരു തവണകൂടി സിദ്ധാർത്ഥ് ആവർത്തിച്ചു.
''സാധാരണ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതെന്തിനാ? അതിനായിരിക്കും."
അലക്ഷ്യമായിരുന്നു മാളവികയുടെ മറുപടി.
സിദ്ധാർത്ഥ് പെട്ടെന്ന് ഓട്ടോ നിർത്തി. പിന്നെ തിരിഞ്ഞ് അവളെ നോക്കി.
''ഞാൻ വിശ്വസിക്കില്ല." മാളവിക എന്തോ മനസ്സിൽ ഒളിപ്പിക്കുന്നുണ്ട്."
അവൻ തീർത്തു പറഞ്ഞു.
''സത്യം." അവൾ സമ്മതിച്ചു. ''എങ്കിലും ഇനി ഒളിക്കുന്നില്ല. ചേട്ടൻ വണ്ടി വിട്ടോളൂ. ഞാൻ എല്ലാം പറയാം."
സിദ്ധാർത്ഥ് വീണ്ടും ഓട്ടോ മുന്നോട്ടെടുത്തു.
മാളവിക പറഞ്ഞു തുടങ്ങി.
''കഴിഞ്ഞ ആറു മാസമായി ഞാൻ കോന്നിയിലെ ഒരു ജ്യുവലറിയിലാണ് ജോലി നോക്കിയിരുന്നത്. 'ചെങ്ങറ ജ്യുവലറി."
''ഷാജി ചെങ്ങറയുടേത്. അല്ലേ?"
ആറുമാസമേ ആയുള്ളു ചെങ്ങറ ജ്യുവലറിക്ക് കോന്നിയിൽ ബ്രാഞ്ച് ആരംഭിച്ചിട്ടെന്ന് സിദ്ധാർത്ഥ് ഓർത്തു.
''ങാ." മാളവിക മൂളി. അതിന്റെ ഉടമ ഷാജിയെ ചേട്ടന് അറിയാമോ?"
''അടുത്ത പരിചയമില്ല. കണ്ടിട്ടുണ്ട്."
സിദ്ധാർത്ഥ് എതിരെ വാഴവിത്തുമായി വന്ന ലോറിക്ക് സൈഡു കൊടുത്തു.
'കഴിഞ്ഞ വർഷം പുനലൂരെ അയാളുടെ ബ്രാഞ്ചിൽ ഒരു യുവതി സയനൈഡു കഴിച്ചു മരിച്ചു. ഇവിടുത്തെ ഒരു മീഡിയയും അത് റിപ്പോർട്ടു ചെയ്തതു കൂടിയില്ല. കാരണം അവർക്കു കിട്ടുന്ന പരസ്യം ഇല്ലാതാകുമോ എന്ന പേടി. അതല്ലെങ്കിൽ ഷാജിയുടെ സ്വാധീനം. ഇക്കാര്യം അറിയാവുന്ന എന്റെയൊരു ബന്ധു ഇവിടെ ജോലിക്കു പോകുന്നതിൽ എന്നെ വിലക്കിയതുമാണ്. ഞാൻ പക്ഷേ കാര്യമാക്കിയില്ല. നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ മതിയല്ലോ..."
മാളവിക ഒന്നു നിർത്തി. സിദ്ധാർത്ഥ് കാതുകൾ കൂർപ്പിച്ച് ഓട്ടോ ഓടിക്കുകയാണ്.
തെല്ല് നേരം കഴിഞ്ഞ് അവൾ തുടർന്നു.
''എന്നോട് മാന്യമായ പെരുമാറ്റമായിരുന്നു ഷാജിക്ക്. അങ്ങനെയിരിക്കെയാണ് ഇപ്പോൾ എന്നെ വിവാഹം ചെയ്യാനിരുന്ന സുദർശൻ ഒരിക്കൽ ജ്യുവലറിയിൽ വന്നത്. പെങ്ങളുടെ കുഞ്ഞിന്റെ നൂലുകെട്ടിന് അരഞ്ഞാണം വാങ്ങാൻ. അവൻ എന്നെ കണ്ടു. എന്നെക്കുറിച്ച് സുദർശൻ ഷാജിയോടു തിരക്കി. പിന്നീട് പെണ്ണു ചോദിക്കാൻ വീട്ടിലും വന്നു."
സിദ്ധാർത്ഥിന് തിടുക്കം അനുഭവപ്പെട്ടു. ഇവളിങ്ങനെ പരത്തിപ്പറയാതെ പെട്ടെന്ന് കാര്യം അവതരിപ്പിച്ചുകൂടേ? എങ്കിലും കാത്തിരുന്നു.
''വിവാഹമുറച്ചു. ആ സമയത്തൊന്നും സുദർശൻ സ്ത്രീധനം ചോദിച്ചിരുന്നില്ല. ആദർശവാനായ ചെറുപ്പക്കാരൻ എന്ന് ഞങ്ങളും കരുതി. പക്ഷേ കഴിഞ്ഞയാഴ്ച അവൻ അമ്മാവൻ വഴി പണം ആവശ്യപ്പെട്ടു. മൂന്നുലക്ഷമെങ്കിലും വേണം. വിവാഹച്ചെലവിന്."
''അതിനുപോലും കാശില്ലാത്തവനാണോ കല്യാണം കഴിക്കാൻ നടക്കുന്നത്?"
സിദ്ധാർത്ഥിനു ദേഷ്യം വന്നു.
മാളവികയ്ക്കു ചിരിയും.
''പണം കൊടുക്കാൻ തങ്ങൾക്കു നിവൃത്തിയില്ല. വിവാഹം വേണ്ടെന്നു തീരുമാനിക്കാൻ ഭാവിച്ചപ്പോഴാണ് ഷാജി ചെങ്ങറ കാര്യം അറിഞ്ഞത്. എന്റെയൊപ്പമുള്ള സെയിൽസ് ഗേളിൽ നിന്ന്... പണം തന്ന് സഹായിക്കാമെന്ന് അയാൾ ഏറ്റു. ഒരു വ്യവസ്ഥയിൽ... കടം തീരുന്നതുവരെ ഞാൻ അവിടെ ജോലി ചെയ്യണം.. എനിക്ക് സമ്മതമായിരുന്നു... ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ചെങ്ങറയിലെ വീട്ടിൽ ചെല്ലാൻ എന്നോടു പറഞ്ഞു.
ഞാൻ ചെന്നു...
സിദ്ധാർത്ഥിന് നെഞ്ചിടിപ്പു തുടങ്ങി.
(തുടരും)