parasite

പൊതുവെ തെക്കൻ കൊറിയയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ ലോകത്താകമാനമുള്ള കാണികളുടെ മനം കവരുക പതിവാണ്. ഇന്ത്യയിലും ഈ ചിത്രങ്ങൾക്ക് നിരവധി കാണികളുണ്ടെന്നതാണ് വാസ്തവം. ഇവർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ ജൂൺ ബൂൺ ഹോയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കായിരിക്കുമെന്നതിൽ അതിശയോക്തിയില്ല. മെമ്മറീസ് ഒഫ് മർഡർ, മദർ, ദ ഹോസ്റ്റ്, സ്നോപിയേഴ്സർ എന്നീ ചിത്രങ്ങളിലൂടെ തന്റെ കാണികൾക്ക് മികച്ച ചലച്ചിത്രാനുഭവം പകർന്നുനൽകാൻ ഈ സംവിധായകന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് മൂന്ന് ഓസ്കാർ അവാർഡുകൾ ഇപ്പോൾ ജൂണിന്റെ 'പാരാസൈറ്റിനെ' തേടിയെത്തിയത്.

കൊറിയൻ ഭാഷ മാത്രം സംസാരിക്കുന്ന, ലജ്ജാശീലനായ ഈ സംവിധായകൻ തന്റെ ഇതുവരെയുള്ള ജീവിതത്തിൽ ആകെ സംവിധാനം ചെയ്തത് ഏഴ് ചിത്രങ്ങൾ മാത്രമാണ്. ഹൃദയമുള്ള, കഥാഖ്യാനത്തിൽ ദുരൂഹത ഉൾച്ചേർത്ത ചലച്ചിത്രങ്ങളാണ് ഈ സംവിധായകന്റെ പ്രത്യേകത. മെമ്മറീസ് ഒഫ് മർഡർ, മദർ എന്നീ ചിത്രങ്ങൾ സംവിധായകന്റെ ഈ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നതാണ്. അതേസമയം, സമൂഹത്തിലെ ഉയർന്നവരും താണവരും തമ്മിലുള്ള സംഘർഷങ്ങളും ജൂണിന്റെ ഇഷ്ടപ്രമേയങ്ങളിൽ ഒന്നാണ്.

സ്നോപിയേഴ്സർ എന്ന ചിത്രത്തിലൂടെ അദ്ദേഹം ദൃശ്യങ്ങളിലേക്ക് പരിവർത്തനം ചെയ്ത ഈ ആശയം അതിന്റെ എല്ലാം തികഞ്ഞ രൂപത്തിൽ കാണാൻ കഴിയുക അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ, ഇപ്പോൾ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ച, 'പാരാസൈറ്റ്' എന്ന ചിത്രത്തിലാണ്. ഒരു ദരിദ്ര കുടുംബം, അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് നുഴഞ്ഞു കയറി, 'പാരസൈറ്റുകൾ' ആയി മാറി അവരുടെ സ്വഭാഗ്യങ്ങൾ തങ്ങളുടേത് കൂടെയാക്കി മാറ്റി, അതിലൂടെ ഒരു പുതിയൊരു ജീവിതം കണ്ടെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവത്തിലൂടെ അവരുടെ ഈ സ്വൈര്യജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു. ഒരു മജീഷ്യന്റെ കൈയടക്കത്തോടെ ജൂൺ ഈ സിനിമയെ കൈകാര്യം ചെയ്തതാണ് അതിനെ ആരും കൊതിക്കുന്ന ഇപ്പോഴത്തെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് പറയാം. കുറ്റമറ്റ രീതിയിലാണ് സിനിമയിലെ ഓരോ രംഗത്തിനും ജൂൺ രൂപം നൽകിയത്. ഹാസ്യവും, ദുരിതവും, ഭീതിയും ഒരേപോലെ തന്റെ പ്രേക്ഷകനിലേക്ക് പകരാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ ഓരോ സീനും കൃത്യമായി വിശകലനം ചെയ്യാൻ യൂട്യൂബേഴ്‌സ് മത്സരിക്കുകയാണിപ്പോൾ. ഇതൊക്കെ കൊണ്ട് തന്നെയാകാം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ ഏഷ്യൻ ചിത്രമായി 'പാരസൈറ്റ്' മാറിയതും.