actor-vijay

ചെന്നൈ: തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ 30 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് വീട്ടിലെത്തിയുമാണ് താരത്തെ ചോദ്യം ചെയ്തത്. അന്ന് ഭാര്യ സംഗീതയേയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

കൂടാതെ സിനിമാ നിർമാതാവ് അൻപിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെർസൽ' എന്ന ചിത്രത്തിലൂടെ വിജയിയുടെ കഥാപാത്രം വിമർശിച്ചത് വിവാദത്തിന് കാരണമായിരുന്നു.