ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി ഡൽഹിയിൽ കോൺഗ്രസ് മനപ്പൂർവം വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് പാർട്ടിയുടെ രാജ്യസഭ എം.പി കെ.ടി.എസ് തുൾസി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്നും ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ കോൺഗ്രസ് ചില ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്ന് തുൾസി പറഞ്ഞു.
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിൽ കേജ്‌രിവാൾ വിജയിച്ചാൽ അത് വികസനത്തിന്റെ നേട്ടമായിരിക്കുമെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. ഡൽഹിയിലെ എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കുന്ന ആം ആദ്മിക്ക് 70ൽ കുറഞ്ഞത് 42 സീറ്റുകളാണ് പ്രവചിക്കുന്നത്. 22 വർഷത്തെ അധികാര വരൾച്ച മാറ്റാൻ ബി.ജെ.പിക്ക് ഇക്കുറിയും സാധിക്കില്ലെന്നും പ്രവചനുമുണ്ടായിരുന്നു.
അതേസമയം, ഡൽഹി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൊതുവെ അയഞ്ഞ മട്ടായിരുന്നു കോൺഗ്രസിനുണ്ടയിരുന്നത്. ആദ്യ കുറച്ചു ദിവസങ്ങളിൽ രാഹുലും പ്രിയങ്കയും പൊതുയോഗങ്ങളിൽ പങ്കെടുത്തത് അല്ലാതെ കാര്യമായ പ്രചാരണ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകിയിരുന്നില്ല. കൂടാതെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും പ്രഖ്യാപിച്ചിരുന്നില്ല.