ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വീഡിയോ പുറത്ത്. രണ്ടു ദിവസം നീണ്ടുനിന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നാണ് വീഡിയോയിൽ നിത്യാനന്ദ അവകാശപ്പെടുന്നത്. ഫെബ്രുവരി 7 ന് തുടങ്ങി 9ന് അവസാനിച്ച ചടങ്ങിന് 'അഖണ്ഡ മഹാവാക്യ മന്ത്രജപം' എന്നാണ് പേരിട്ടിരിക്കുന്നത്. ലോകം മുഴുവൻ 'ഓം നിത്യാനന്ദ പരമശിവോഹം' എന്ന് ജപിക്കണമെന്നാണ് വീഡിയോയിൽ പറയുന്നത്. ദി അവതാർ ക്ളിക്ക്‌സ് എന്ന യൂ ട്യൂബ് പേജിലാണ് വീഡിയോ പ്രചരിക്കുന്നത്.
കൊറോണ ഭീതിയിൽ ലോകം നടുങ്ങുമ്പോഴാണ് ഇന്റർപോൾ വരെ അന്വേഷിക്കുന്ന നിത്യാനന്ദ ഇത്തരം വിഡിയോകളുമായി രംഗത്തെത്തുന്നത്. ഈ വിഡിയോ പങ്കുവയ്‌ക്കുന്ന സ്ഥലം പോലും കണ്ടുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നതും കൗതുകമാണ്. ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമൻസുകൾ അയക്കാനാകില്ലെന്നുമാണ് കർണാടക പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചത്.