uae

ദുബായ്: ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 കോടിയിലധികം രൂപ ക്രഡിറ്റ് കാർഡ് വഴിയും,​വായ്‌പയെടുത്തും വെട്ടിച്ചാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രവാസികൾ കടന്നുകളഞ്ഞത്. ഇത് യു.എ.ഇയെ സംബന്ധിച്ച് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കഴി‌ഞ്ഞമാസം സാമ്പത്തിക ഇടപാടുകളിൽ യു.എ.ഇ. സിവിൽ കോടതികളിലെ വിധികൾ രാജ്യത്തെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിലൂടെ പണം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു യു.എ.ഇ. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം, വായ്പയെടുത്ത് ഇന്ത്യയിലേക്ക് മുങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യു.എ.ഇ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളിലേക്കാണ് യു.എ.ഇ നീങ്ങുന്നത്.

പണ്ടൊക്കെ ചെറിയ തുക വായ്പയെടുത്ത് മുങ്ങിയവർക്കെതിരെ പരാതി നൽകിയിരുന്നില്ല. എന്നാൽ ഇനിമുതൽ അത്തരക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യു.എ.ഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ല കോടതികൾ വഴി നടപ്പാക്കാമെന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതോടെ ഇനി നടപടികൾ എളുപ്പമാണ്. യു.എ.ഇയിൽ നിന്ന് വായ്‌പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.

വായ്പയെടുത്ത് മുങ്ങിയതിൽ 70 ശതമാനത്തിലധികവും വൻ ബിസിനസ് സ്ഥാപനങ്ങളാണെന്ന് റിപ്പോർട്ട് ഉണ്ട്. 20 ശതമാനത്തിലധികം വ്യക്തി വായ്പകളും, ​ക്രഡിറ്റ് കാർഡും, വാഹന വായ്‌പയുമാണ്. 2017-ൽ
യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 7.5 ശതമാനമായി കൂടിയിരുന്നു. ഇത് ബാങ്കിംഗ് മേഖലയിൽ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.