മീററ്റ്: ഇന്നലെ അവസാനിച്ച 'ഇന്ത്യൻ പ്രതിരോധ എക്സ്പോ 2020'യിൽ ഇന്ത്യയുടെ ആഭ്യന്തര നിർമാണ മേഖലയിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ ഹസീറായിലെ എൽ ആൻഡ് ടിയുടെ(ലാർസൺ ആൻഡ് ടൂബ്രോ) ആയുധനിർമാണ ഫാക്ടറിയെയെയും അവിടെ നിർമിച്ച 'കെ 9 വജ്ര ടി' ആർട്ടിലെറി ഗണ്ണുകളെയും എടുത്തുകാട്ടാനായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി.
എന്നാൽ 'വജ്ര' നിർമിക്കുന്നതിനായി ലഭിച്ച ഓർഡറുകളെല്ലാം അവസാനിക്കാറായെന്നും തങ്ങൾക്ക് ലഭിച്ച 115 'വജ്ര ഹോവിറ്റ്സർ' ഗണ്ണുകളുടെ ഓർഡർ അടുത്ത ആറ് മാസത്തിനുള്ളിൽ തങ്ങൾ പൂർത്തീകരിക്കുമെന്നാണ് എൽ ആൻഡ് ടി പറയുന്നത്.
ഇപ്പോൾ തന്നെ തങ്ങൾ 100 'വജ്ര' ഗണ്ണുകൾ നിർമിച്ച് കഴിഞ്ഞതായും കമ്പനി അവകാശപ്പെടുന്നു. ഇതിൽ 50 ഗണ്ണുകൾ കമ്പനി ഇന്ത്യൻ സൈന്യത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇവ അതിർത്തിയിൽ പാകിസ്ഥാനെതിരെ പ്രയോഗിക്കാനാണ് ഇന്ത്യൻ സൈന്യം ആലോചിക്കുന്നത്.
അതിനു ശേഷം, പുതിയ നിർമാണത്തിനുള്ള കരാറുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, കമ്പനിയിൽ ജോലികളൊന്നും നടക്കാതെ വരുന്ന അവസ്ഥയുണ്ടാകുമെന്നാണ് എൽ ആൻഡ് ടി ഉടമകൾ ഭയപ്പെടുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി പുതിയ ഓർഡറുകൾ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കമ്പനി ഇപ്പോൾ.
4500 കോടി രൂപയുടെ ഓർഡറാണ് 'വജ്ര' ആയുധങ്ങൾ നിർമിക്കാനായി കേന്ദ്ര സർക്കാർ എൽ ആൻഡ് ടിക്ക് നൽകിയത്. നിരവധി പേരെ കീഴ്പ്പെടുത്തിയാണ് എൽ ആൻഡ് ടി ഇതിനായുള്ള കരാർ സ്വന്തമാക്കിയത്. ഉടൻ തന്നെ പുതിയ കരാർ ലഭിച്ചില്ലെങ്കിൽ അധികം വൈകാതെ തങ്ങളുടെ ജീവനക്കാർക്ക് ജോലിയില്ലാതാകുമെന്നും അവരെ തങ്ങളുടെ മറ്റ് നിർമാണ യൂണിറ്റുകളിലേക്ക് അയക്കേണ്ടി വരുമെന്നുമാണ് കമ്പനി ആശങ്കപ്പെടുന്നത്.
ജോലിയില്ലാത്ത അവസ്ഥയിൽ നിന്നും കമ്പനിയെ രക്ഷിക്കുന്നതിനായി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനും ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാനുമുള്ള വഴികൾ തേടുകയാണ് എൽ ആൻഡ് ടി ഇപ്പോൾ. മരുഭൂമിയിലെ യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന 'വജ്ര ഹോവിറ്റ്സർ' അത്തരം ഭൂപ്രകൃതിയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിക്കും എന്നും കമ്പനി കണക്കു കൂട്ടുന്നു.
ഈ ആയുധം നിർമിക്കുന്നതിനായി ഉപയോഗപ്പെടുത്തിയ സാങ്കേതിക വിദ്യയും ഇത്തരം മൂന്നാം ലോക രാജ്യങ്ങൾക്ക് കൈമാറാൻ കമ്പനി ആലോചിക്കുന്നുണ്ട്. പ്രധാനമായും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് പുറത്തായി 'ഇന്ത്യൻ നിർമിത ആയുധം' എന്ന പേരിലാണ് 'വജ്ര ഹോവിറ്റ്സർ' ഗണ്ണുകൾ എൽ ആൻഡ് ടി നിർമിച്ചത്.