മലപ്പുറം: കിണർ കുഴിക്കുന്നതിനിടെ ലഭിച്ച സ്വർണത്തോണിയെന്ന് പറഞ്ഞ് വ്യാജ സ്വർണം നൽകി യുവാവിൽ നിന്ന് പണം കവർന്നതായി പരാതി. അസം സ്വദേശിക്കെതിരെയാണ് മലപ്പുറം കോഡൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയത്. മൂന്ന് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
മക്കരപ്പറമ്പിലെ കടയിൽ ജോലി ചെയ്യുകയാണ് യുവാവ്. ഇയാളുടെ കടയിലെ നിത്യ സന്ദർശകനായിരുന്നു അസം സ്വദേശി. തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ തന്റെ സഹോദരന് സ്വർണ തോണി കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മറ്റാരും അറിയാതെ വിൽക്കേണ്ടതിനാൽ ചെറിയ തുകയ്ക്ക് നൽകാമെന്ന് അസം സ്വദേശി പറഞ്ഞതോടെ യുവാവ് വാഗ്ദാനത്തിൽ വീണു.
കഴിഞ്ഞ ആഴ്ച യുവാവ് തൃശൂരിലെത്തി തോണി കണുകയും, അതിൽ നിന്ന് ചെറിയ കഷ്ണം എടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു. സ്വർണമാണെന്ന് ഉറപ്പാക്കിയ ശേഷം പിറ്റേദിവസം മൂന്ന് ലക്ഷം രൂപ നൽകി തോണി വാങ്ങി. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് ഒരു കഷ്ണം പരിശോധിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം ഇയാൾ തിരിച്ചറിയുന്നത്. തുടർന്ന് മങ്കടം പൊലീസിൽ പരാതി നൽകി.