മോഹൻലാലിനെ വേദിയിലിരുത്തി ആന്റണി പെരുമ്പാവൂരിനെ നൈസായിട്ട് ട്രോളി നടൻ പൃഥ്വിരാജ്. കഴിഞ്ഞദിവസം നടന്ന ഒരു അവാർഡുദാന ചടങ്ങിലായിരുന്നു സംഭവം. പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിനായിരുന്നു മികച്ച നടൻ, നടി, സംവിധായകൻ, ജനപ്രിയചിത്രം എന്നീ നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ആവാർഡ് സ്വീകരിക്കാൻ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് പൃഥ്വി വേദിയിലെത്തിയത്.ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ താൻ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ലെന്നും, അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണെന്നും പൃഥ്വി പറഞ്ഞു.
'മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ, നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാൽ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേർസ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകർക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിൻസ്ട്രീം മാസ് സിനിമയുമായി ഞാൻ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാൻ കൂടെ നിന്ന നിർമാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാൻ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാർഡ് നിർമാതാവിന് അവകാശപ്പെട്ടതാണ്. ഞാൻ ഇത്രയും പൊക്കിപ്പറയാൻ കാര്യം, ഇതിലും കൂടുതൽ പൈസ വേണ്ടിവരും എമ്പുരാൻ ചെയ്യാൻ.'–പൃഥ്വി പറഞ്ഞു.