ലാഹോർ: സ്വന്തം ഇഷ്ടപ്രകാരമല്ല താൻ ഇസ്ളാം മതത്തിലേക്ക് മാറിയതെന്ന് കോടതിയിൽ വെളിപ്പെടുത്തിയ പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിൽ പെട്ട പെൺകുട്ടിക്കെതിരെ തിരിഞ്ഞ് ഇസ്‌ലാമിക മതപണ്ഡിതന്മാർ. തന്നെ നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയിൽ പ്രസ്താവിച്ച പെൺകുട്ടിക്ക് മതനിന്ദയുടെ പേരിൽ വധശിക്ഷ നൽകണമെന്നാണ് ഇവരുടെ പക്ഷം. മെഹക് കുമാരി എന്ന പെൺകുട്ടി, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ചതെന്നും മെഹക് മുൻപ് മൊഴി നൽകിയിരുന്നു.
മതം മാറാനായി തന്നെ ആരും നിർബന്ധിച്ചിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിർബന്ധപൂർവം മതം മാറ്റിയതാണെന്നും ആരോപിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പാകിസ്ഥാൻ സർക്കാരിനെതിരെ വൻ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സർക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേർന്നുകൊണ്ടാണ് മതപരിവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.
സെഷൻസ് കോടതിയിൽനിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും 'നീതി' ലഭിച്ചില്ലെങ്കിൽ തങ്ങൾ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാൻ തങ്ങൾ തയാറാണെന്നും ഇവർ ഭീഷണി മുഴക്കുന്നു. നിലവിൽ സെഷൻസ് കോടതി കേസിലെ അടുത്ത വിചാരണ ഫെബ്രുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനങ്ങൾ പാകിസ്ഥാനിൽ മുൻപുതന്നെ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് ഇത് വ്യാപകമാകുന്നത്.