nigraham-7

''എന്നിട്ട്?" സിദ്ധാർത്ഥ് ആകാംക്ഷയോടെ തിരക്കി. പിന്നെ ഓട്ടോയുടെ വേഗത അല്പം കുറച്ചു.

അവനോട് കാര്യങ്ങൾ തുറന്നു പറയുന്നതിനിടയിൽ രാവിലെ നടന്ന സംഭവം മാളവികയുടെ മനസ്സിൽ ഒരു ചലച്ചിത്രം പോലെ തെളിഞ്ഞു.

**** *****

പതിനൊന്നു മണിക്ക് വീട്ടിൽ ചെല്ലാൻ ഷാജി ചെങ്ങറ പറഞ്ഞെങ്കിലും പത്തേമുക്കാലിനു തന്നെ മാളവിക സ്റ്റോപ്പിൽ ബസ്സിറങ്ങി.

വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്ന ഒരു സ്‌ത്രീയോട് ഷാജി ചെങ്ങറയുടെ വീട് തിരക്കി.

മദ്ധ്യവയസ്കയായ ആ സ്ത്രീ അവളെ സംശയത്തോടെ അടിമുടി നോക്കി. പിന്നെ അൻപതു മീറ്ററോളം അകലെ റോഡിന് എതിർഭാഗത്തുള്ള കൂറ്റൻ ഇരുനില മാളികയ്ക്കു നേർക്കു കൈചൂണ്ടി.

''അതാ."

''താങ്ക്‌സ് ചേച്ചി..."

മാളവിക മുന്നോട്ടു നടന്നതും പിന്നിൽ നിന്ന് ചോദ്യം വന്നു.

''ആരാ?"

''അദ്ദേഹത്തിന്റെ ജ്യുവലറിയിലെ സ്റ്റാഫാ."

''കച്ചവടം വീട്ടിലുമായോ?"

അവർ പിറുപിറുക്കുന്നത് മാളവിക കേട്ടു. കാര്യമാക്കിയില്ല.

സൗന്ദര്യമുള്ള യുവതികളെ കാണുമ്പോൾ ചില സ്ത്രീകൾക്ക് ഇത്തരം 'സൂക്കേട്' ഉണ്ടെന്ന് അവൾക്കറിയാം.

പുറത്തുനിന്നു നോക്കിയാൽ ഷാജിയുടെ വീടിന്റെ രണ്ടാം നിലയേ കാണൂ. അത്രമാത്രം ഉയരമുണ്ട് ചുറ്റുമതിലിന്.

അതിൽ പല നിറത്തിലുള്ള പൂക്കളോടെ ബോഗൻവില്ലകൾ കെട്ടുപിണഞ്ഞു കിടക്കുന്നു.

കാസ്റ്റയണിൽ നിർമ്മിച്ച കൂറ്റൻ ഗേറ്റിൽ വാച്ചർ കാവലുണ്ട്.

അവൾ ഒരു നിമിഷം അവിടെ ശങ്കിച്ചു നിന്നു.

ക്യാബിനിൽ നിന്നു വാച്ചർ ഇറങ്ങിവന്നു. കറുത്തുതടിച്ച് തൊപ്പിയും നീല യൂണിഫോമും ധരിച്ച ഒരാൾ.

കട്ടി മീശ.

ഒറ്റ നോട്ടത്തിൽ ഒരു പട്ടാളക്കാരൻ ആണെന്നു തോന്നി.

''എന്താ?"

പാറകൾ കൂട്ടിയുരസ്സുന്ന ശബ്ദത്തിൽ

അയാളുടെ ചോദ്യം.

''ഷാജിസാറിനെ കാണാനാ. വരാൻ പറഞ്ഞിരുന്നു..."

അതോടെ വാച്ചറുടെ കനത്ത മുഖമയഞ്ഞു.

ഭവ്യതയോടെ അയാൾ വിക്കറ്റ് ഗേറ്റു തുറന്നുകൊടുത്തു.

അകത്തേക്കു കാൽവച്ച മാളവികയുടെ കണ്ണുകൾ വികസിച്ചു.

ഒരു കൊട്ടാരത്തിന്റെ മുന്നിൽ എത്തിയതുപോലെയുണ്ട്. നിറയെ ചെടികൾ. താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളത്.

പുൽപാകിയ വിശാലമായ ലോൺ. അവിടെയൊരു ഷട്ടിൽ കോർട്ട്. മരക്കുറ്റികൾ മുറിച്ചുനാട്ടി ചാരുപിടിപ്പിച്ച ചെയറുകൾ...

അടുത്ത നിമിഷം നായ്‌ക്കളുടെ കുരകേട്ട് മാളവിക നടുങ്ങി.

കൂട്ടിൽ കടിച്ചുകീറാൻ വെമ്പുന്ന ഭാവത്തിൽ രണ്ട് രാജപാളയം നായ്‌ക്കൾ.

''പേടിക്കണ്ടാ. നേരെ പൊയ്‌ക്കോളൂ..." വാച്ചർ പിന്നിൽ നിന്നു പറഞ്ഞു.

മടിച്ചുമടിച്ച് മാളവിക പൂമുഖത്തോടടുത്തു.

പോർച്ചിൽ രണ്ട് വണ്ടികൾ ഉണ്ടായിരുന്നു. ഒന്ന് ബൻസും അടുത്തത് റെയ്‌ഞ്ച് റോവറും.

സിറ്റൗട്ടിലെ തൂണിൽ ഉണ്ടായിരുന്ന കോളിംഗ് ബെല്ലിന്റെ സ്വിച്ചമർത്തി മാളവിക പിന്നെ ചുറ്റും നോക്കിക്കൊണ്ട് കാത്തുനിന്നു.

വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അവിടെ.

ഒരു മിനിട്ടു കഴിഞ്ഞപ്പോൾ വാതിലിന്റെ ഹാൻഡിൽ തിരിയുന്ന ശബ്ദം. മാളവിക അവിടേക്കു തിരിഞ്ഞു.

വാതിൽ തുറന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങി ഷാജി ചെങ്ങറ.

ബർമുഡയും ടീ ഷർട്ടും വേഷം. കയ്യിൽ എട്ടു വിരലുകളിൽ മോതിരങ്ങൾ. ബ്രയ്‌സ്‌ലറ്റ്. കഴുത്തിനെ ചുറ്റി ഒരു സ്വർണ്ണ പാമ്പുപോലെ കട്ടിയുള്ള ചെയിൻ.

നല്ല വെളുത്ത നിറമാണ് ഷാജിക്ക്. കൈത്തണ്ടകളിലും കാൽവണ്ണകളിലും നിറയെ രോമങ്ങൾ.

കണ്ണുകൾ മാത്രം ചെമ്പിച്ചതാണ്.

''അല്ലാ മാളവികയോ. കയറിവരൂ."

പുഞ്ചിരിയോടെ അയാൾ ക്ഷണിച്ചു.

ചെരുപ്പുകൾ അഴിച്ചു വച്ച് മാളവിക പരുങ്ങലോടെ സിറ്റൗട്ടിലേക്കു കയറി.

''വരൂ..."

ഷാജി ഉള്ളിലേക്കു നടന്നു.

മാളവിക മടിച്ചു നിന്നു.

''ഏയ് എന്താ നിന്നുകളഞ്ഞത്? വരുന്നേ..."

''ഞാൻ... ഞാനിവിടെ നിന്നോളാം സാർ..."

അവളുടെ ശബ്ദം വിറച്ചു.

''നല്ല കഥയായി. വീട്ടിൽ വരുന്ന അതിഥികളെ ഞങ്ങൾ പുറത്തിരുത്താറില്ല. മാളവിക എന്റെ സ്റ്റാഫാണ്. അത് കടയിൽ മാത്രം. അവിടെ ഞാൻ നിന്റെ ബോസാണ്. പക്ഷേ എന്റെ വീട്ടിൽ അങ്ങനെയല്ല.."

പിന്നെ എതിർക്കാൻ കഴിഞ്ഞില്ല മാളവികയ്ത്.

അവൾ അകത്തുകയറി.

വിലകൂടിയ ഫർണിച്ചറുകൾ കൊണ്ട് അലംകൃതമായ സിറ്റിംഗ് റൂം.

ഈട്ടിയിൽ തീർത്ത ആൾ ഉയരമുള്ള ഒരു ആന.

അകലെ നിന്നു നോക്കിയാൽ അതിനു ജീവനുണ്ടെന്നേ തോന്നൂ.

''മാളവിക ഇരിക്ക്."

അയാൾ സെറ്റിയിലേക്കു കൈ ചൂണ്ടി.

അവൾക്ക് അപ്പോഴും മടി.

'ഹാ. ഇരിക്കെന്നേ..."

സ്വാതന്ത്ര്യത്തോടെ ഷാജി അവളെ പിടിച്ചിരുത്തി.

അത്തരം ഒരു കസേരയിൽ മാളവിക ഇരിക്കുന്നത് ആദ്യമാണ്. വായുവിൽ ഇരിക്കുന്ന സുഖം!

''ഞാൻ ഇപ്പം വരാം." ഷാജി അകത്തേക്കു പോയി.

ഇത്തിരി കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഒരു കൊച്ചു ട്രേയിൽ ചോരയുടെ നിറമുള്ള ജ്യൂസിന്റെ ഒരു ഗ്ളാസ് ഉണ്ടായിരുന്നു.

ഷാജി അത് മാളവികയ്ക്കു നീട്ടി.

''ഞാനുണ്ടാക്കിയതാ... ശരിയായോ എന്നറിയില്ല..."

മാളവിക അയാളുടെ മുഖത്തു നോക്കാതെ ഗ്ളാസ് എടുത്തു. ഷാജി ചെങ്ങറയുടെ കണ്ണുകളിൽ കുറുക്കന്റെ കൗശലം മിന്നി...

(തുടരും)