automobile

ന്യൂഡൽഹി: പുതുവർഷം പിറന്നിട്ടും രാജ്യത്തെ ആഭ്യന്തര വാഹനോത്പാദനത്തിന് കാര്യമായ പുരോഗതിയൊന്നും സംഭവിച്ചിട്ടില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. രാജ്യത്തെ വാഹന നിർമാണം 6.2 ശതമാനമായി കുറഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. വാഹന സ്വന്തമാകുന്നതിനുണ്ടാകുന്ന ചിലവുകളും രാജ്യത്തെ ആഭ്യന്തര ഉത്‌പാദനം താഴേക്ക് പോകുന്നതുമാണ് ഇങ്ങനെയൊരു സ്ഥിതി തുടരാൻ കാരണമാകുന്നതെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചറേഴ്സ്(സിയാം) ചൂണ്ടിക്കാണിക്കുന്നു.

ജനുവരി മാസത്തിൽ രാജ്യത്ത് വിറ്റുപോയ പാസഞ്ചർ വാഹന യൂണിറ്റുകളുടെ എണ്ണം 2,62,714 ആയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം ഡിസംബറിൽ 2,80,091 യൂണിറ്റുകൾ രാജ്യത്ത് വിറ്റുപോയിരുന്നു. രാജ്യത്തെ കാർ വിൽപ്പന ഡിസംബറിൽ 8.1 ശതമാനത്തിലേക്ക് താണിരുന്നു. കാറുകളിൽ 1,64,793 യൂണിറ്റുകൾ മാത്രമായിരുന്നു ഡിസംബറിൽ വിറ്റുപോയത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം ജനുവരിയിൽ രാജ്യത്ത് 1,79,324 കാറുകളുടെ വിൽപ്പന നടന്നിരുന്നു.

പല വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ കാര്യം കണക്കിലെടുക്കുമ്പോൾ വിൽപ്പനയിൽ 13.83 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത്തവണ 17,39,975 യൂണിറ്റുകളാണ് വിറ്റുപോയതെങ്കിൽ കഴിഞ്ഞ വർഷം ജനുവരിയിൽ 20,19,253 യൂണിറ്റുകൾ വിൽപ്പന ചെയ്തിരുന്നു. മലിനീകരണ ചട്ടങ്ങൾക്ക് വിധേയമായിക്കൊണ്ട് രാജ്യത്തെ വാഹന നിർമാതാക്കൾമാറ്റങ്ങൾക്ക് വിധേയരാകുന്നതും വാഹന വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സിയാം ചൂണ്ടിക്കാട്ടുന്നു.

ഇതിനായി കൂടുതൽ ഇൻപുട്ട് ചിലവുകൾ ആവശ്യമായി വരുന്നു എന്നാണ് കമ്പനികളുടെ വാദം. ടൂ വീലറുകളുടെ വിൽപ്പനയിൽ ആകെ 16.06 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ മാസം 13,41,005 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ കഴിഞ്ഞ വർഷം ജനുവരിയിൽ 15,97,528 യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്.

വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപ്പനയിലും 14.04 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സിയാം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് 75,289 യൂണിറ്റുകൾ വിറ്റുപോയപ്പോൾ കഴിഞ്ഞ വർഷം ജനുവരിയിൽ 87,591 യൂണിറ്റുകളുടെ വിൽപ്പന നടന്നിരുന്നു. മുച്ചക്ര വാഹനങ്ങളുടെ കാര്യത്തിലൊഴിച്ച് ബാക്കി വാഹനങ്ങളെല്ലാം നഷ്ടത്തിന്റെ പാതയിലാണെന്നും സിയാം ഭാരവാഹികൾ പറയുന്നു.