മാമാങ്കം സിനിമയെ ഡീ ഗ്രേഡ് ചെയ്‌തവർക്ക് മറുപടിയുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി രംഗത്ത്. സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പിന്നിലെന്നത് പച്ചയായ സത്യമാണെന്നും, പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷനായിരുന്നു ഡീ ഗ്രേഡിംഗിന് പിന്നിലെന്നും വേണു കുന്നപ്പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി....ഇപ്പോഴും ചില തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു.
സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്...പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷൻ.
സിനിമയുടെ യഥാർഥ ബജറ്റ് എത്രയാണെന്നോ, പ്രി സെയ്ൽസ് ആൻഡ് പോസ്റ്റ് സെയിൽസ് കൂടി എന്ത് കിട്ടിയെന്നോ, യഥാർഥ വേൾഡ് വൈഡ് കലക്ഷൻ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം...
ദൈവനാമം പറഞ്ഞ് ,പുറകിൽ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും...മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഫാൻസ് കാരോടും, പലരീതിയിലും പിന്തുണട്ട നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു..അടുത്ത സിനിമയുമായി ഉടനെ!!!'