nigraham-novel

മാളവിക ജ്യൂസ് അല്പം കുടിച്ചുനോക്കി. അനാറിന്റേതാണ്. പക്ഷേ ഒരു രുചി വ്യത്യാസം.

''എങ്ങനെയുണ്ട് എന്റെ കൈപുണ്യം?"

ചോദിച്ചുകൊണ്ട് ഷാജി ചെങ്ങറ അവൾക്ക് എതിരെ ഇരുന്നു. കണ്ണുകൾ അവളെ അടിമുടി ഉഴിഞ്ഞു.

മാളവിക അത് ശ്രദ്ധിച്ചു. എങ്കിലും അറിയാത്തതായി ഭാവിച്ചുകൊണ്ടു തിരക്കി.

''നല്ല ജ്യൂസാ. സാറ് ഉണ്ടാക്കിയതാണെന്നു പറഞ്ഞല്ലോ. അപ്പോൾ മറ്റാരുമില്ലേ ഇവിടെ?"

''ഇല്ല. പപ്പയും മമ്മിയും കൂടി ഒരു വെഡ്ഡിംഗിനു പോയി. സെർവൻസാണെങ്കിൽ രണ്ടുദിവസമായി വരുന്നില്ല. ഇവിടത്തെ ഭൂസമരത്തിൽ പങ്കെടുക്കുന്നവരാണ് അവര്. ഇന്ന് പട്ടയം സംബന്ധിച്ച ചർച്ചകൾക്കായി വകുപ്പു മന്ത്രി വരുന്നുണ്ടുപോലും. അപ്പോൾ അവരവിടെ ഉണ്ടാകണമല്ലോ..."

മാളവിക ജ്യൂസ് ഗ്ളാസ് കൈയിൽവച്ച് മെല്ലെ തിരിച്ചു.

''അപ്പോൾ സാറിന്റെ ഭാര്യ..."

മാളവിക സങ്കോചത്തോടെ ചുണ്ടനക്കി.

ആ ചുണ്ടുകൾക്കു പോലും എന്തൊരു ഭംഗിയാണെന്ന് ഷാജിക്കു തോന്നി. അവളുടെ ചോദ്യം കേട്ട് അയാൾ ഉറക്കെ ചിരിച്ചു.

''എന്നെ കണ്ടാൽ കല്യാണം കഴിച്ചതാണെന്നു തോന്നുമോ മാളവികേ?"

മാളവിക വിളറിപ്പോയി.

ഷാജി തുടർന്നു:

''ഞാൻ അവിവാഹിതനാണ്. ഇതുവരെ മനസ്സിണിങ്ങിയ ഒരു പെണ്ണിനെ കിട്ടിയില്ലായിരുന്നു..."

''ഇപ്പോൾ കിട്ടിയോ?"

അറിയാതെ ചോദിച്ചുപോയി അവൾ.

''കിട്ടിയതായിരുന്നു. പക്ഷേ..." അയാൾ പകുതിക്കു നിർത്തി.

''അതെന്താ സാർ?" മാളവികയ്ക്കു ജിജ്ഞാസ.

''കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിക്കൊണ്ടുപോകും. നാളെ..."

അത്രയും പറഞ്ഞിട്ട് ഷാജി എഴുന്നേറ്റു.

''ങ്‌ഹാ. മാളവിക ജ്യൂസ് കഴിച്ചില്ലല്ലോ. കഴിക്ക്. ഞാൻ പണമെടുത്തുകൊണ്ടുവരാം."

അയാൾ അകത്തു മറഞ്ഞു.

മാളവിക ജ്യൂസിലേക്കു സൂക്ഷിച്ചു നോക്കി. അതിന് എന്തോ ഒരു മാറ്റം ഉള്ളതുപോലെ...

ജ്യൂസിൽ മയക്കുമരുന്നു കലർത്തി യുവതികളെ മാനഭംഗപ്പെടുത്തിയ കഥകളൊക്കെ ഒരുപാടു കേട്ടിട്ടുണ്ട് അവൾ.

എന്തായാലും ഇത് കഴിക്കുന്നില്ല. ചുറ്റും ശ്രദ്ധിച്ചുകൊണ്ട് അവൾ പെട്ടെന്നെഴുന്നേറ്റു. സിറ്റൗട്ടിൽ ചെന്ന് ജ്യൂസ് ചെടികൾക്ക് ഇടയിലേക്കൊഴിച്ചു. ശേഷം ഒന്നും അറിയാത്തതുപോലെ ഗ്ളാസ് കൊണ്ടുവന്ന് ടീപ്പോയിൽ ഇരുന്ന ട്രേയിൽ വച്ചു.

അകത്തേക്കു പോയ ഷാജി മടങ്ങിവരാൻ വൈകി.

മാളവികയ്ക്കു സംശയമായി.

ഷാജിയെ ഒന്നു പരീക്ഷിക്കണമെന്ന് അവളുടെ അന്തരംഗം മന്ത്രിച്ചു.

സെറ്റിയിൽ പിന്നോട്ട് ചാരിയിരുന്ന് അവൾ കണ്ണുകളടച്ചു.

അല്പം കഴിഞ്ഞ് ഷാജി മടങ്ങിവരുന്നതിന്റെ കാലൊച്ച കേട്ടു. മാളവികയുടെ ഹൃദയത്തിൽ പെരുമ്പറയുടെ മുഴക്കം.

''മാളവികേ... ഉറങ്ങിയോ?" ഷാജി ചോദിച്ചു.

അവൾ അനങ്ങിയില്ല.

ഷാജി ചിരിക്കുന്നതു കേട്ടു.

''എടീ പെണ്ണേ... നിന്നെ എന്റെ സ്റ്റാഫ് ആക്കിയതുതന്നെ ഈ ഒരു അവസരത്തിനു വേണ്ടിയാ... എനിക്കും എന്റെ കൂട്ടുകാർക്കും ഇന്ന് ആറാട്ടാ..."

അയാൾ കുനിഞ്ഞ് അവളുടെ താടി പിടിച്ചുയർത്തി.

അടുത്ത നിമിഷം മാളവിക കണ്ണുകൾ തുറന്നു.

സർപ്പഫണം വിടർത്തി കൊത്താൻ ഭാവിക്കുന്നതു പോലെ.. എരിയുന്ന കണ്ണുകൾ.

ഷാജി ഞെട്ടി പിന്നോട്ടുമാറി.

''മാളവികേ..."

ആ വിളി അയാളുടെ കണ്ഠത്തിൽ കുരുങ്ങിക്കിടന്നു.

മാളവിക ചാടിയെഴുന്നേറ്റു.

''സാർ... വിവാഹം നടക്കില്ല എന്നല്ലേയുള്ളു? എനിക്ക് നിങ്ങളുടെ പണം വേണ്ടാ..."

''മാളവികേ."

''ഷട്ടപ്പ്." അവൾ കൈചൂണ്ടി. ആ വിരൽ നിന്നു വിറകൊണ്ടു.

''കണ്ടാൽ എത്ര മാന്യൻ? പെരുമാറ്റമോ? ഇനി എനിക്ക് നിങ്ങടെ ജോലിയും വേണ്ടാ. നിങ്ങൾ ജ്യൂസ് കൊണ്ടുത്തന്നപ്പോഴേ എനിക്ക് സംശയം മണത്തു. അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്നെ കാത്തു."

അവൾ മുറ്റത്തേക്കു നടക്കാനാഞ്ഞു.

പെട്ടെന്ന് ഷാജി മുന്നിൽ കയറി നിന്നു.

''മാളവിക ക്ഷമിക്കണം. എനിക്കൊരു തെറ്റു പറ്റിപ്പോയി. മറ്റു ചില യുവതികളെപ്പോലെ ഞാൻ നിന്നെയും കരുതിപ്പോയി. റിയലി സോറി... ഇക്കാര്യം നമ്മൾ രണ്ടുപേരുമേ അറിയാവൂ. മറ്റുള്ളവരോട് പറഞ്ഞ് എന്നെ നാണം കെടുത്തരുത് പ്ളീസ്..."

മാളവികയുടെ കണ്ണുകൾ രണ്ട് അസ്‌ത്രങ്ങളായി ഷാജിയുടെ മുഖത്തു തറഞ്ഞു. അവിടുത്തെ വിളർച്ച കണ്ട് അവളുടെ ഉള്ളിൽ അനൽപ്പമായ ആഹ്ളാദമുണ്ടായി.

അയാൾ പെട്ടെന്ന് രണ്ടായിരത്തിന്റെ രണ്ടു കെട്ട് നോട്ടുകൾ എടുത്തുനീട്ടി.

''പറഞ്ഞതിലും ഒരുലക്ഷം കൂടുതലുണ്ട്. മാളവിക ഇത് വാങ്ങണം."

''എനിക്കു വേണ്ടാ..." മുഖത്തടിക്കും പോലെ അവളുടെ മറുപടി.

''മാളവിക... പ്ളീസ്. തന്റെ കല്യാണം നടക്കണം. താൻ ഇനി ജോലിക്കു വന്നില്ലെങ്കിലും വേണ്ടാ. ഇത് വാങ്ങണം."

യാചനയായിരുന്നു അവന്റെ ശബ്ദത്തിൽ. മാളവിക ചിന്തിച്ചു. പണം നൽകിയില്ലെങ്കിൽ തന്റെ വിവാഹം മുടങ്ങും. ജോലിയില്ലാതെ താൻ ബുദ്ധിമുട്ടും. വിവാഹം കഴിഞ്ഞാൽ വേറെ ജോലിക്കു ശ്രമിക്കാം... ഇവന്റെ ശല്യവും ഉണ്ടാവില്ല.

അവൾ ആ പണം വാങ്ങി.

(തുടരും)