major-ravi

ന്യൂഡൽഹി: സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളുടെയും, തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും പട്ടിക സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് സുപ്രീം കോടതിയുടെ നിർദേശം. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അടുത്തമാസം 23നാണ് ഇനി ഈ കേസ് പരിഗണിക്കുക.

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ച് മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളിൽ ഒരെണ്ണം മേജർ രവിയുടേതാണ്. ഫ്ലാറ്റ് പൊളിച്ചു നീക്കരുതെന്ന് മേജർ രവിയുൾപ്പെടെയുള്ള നിരവധി പ്രമുഖർ അന്ന് ആവശ്യപ്പെട്ടിരുന്നു.

മരടിലെ അനധികൃത കൈയേറ്റ ഫ്ലാറ്റുകളിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് തീരദേശ നിയമം ലംഘിച്ച് നിർമിച്ച സംസ്ഥാനത്തെ മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക സമർപ്പിക്കാൻ നേരത്തെ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിരുന്നു. നാലുമാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കാണിച്ചാണ് മേജർ രവി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.