കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്. കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്താണ് ശിക്ഷ വിധിച്ചത്. കടവൂർ സ്വദേശികളായ പ്രതികൾ വിനോദ് (42), ഗോപകുമാർ (36), സുബ്രഹ്മണ്യൻ (39), പ്രിയരാജ് (39), പ്രണവ് (29), അരുൺ (34), രജനീഷ് (31), ദിനരാജ് (31), ഷിജു (36) എന്നിവർ ഇന്നലെ പുലർച്ചെ അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി നാലര വർഷം കൂടി തടവ് ശിക്ഷയും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചു. പിഴ തുക ജയന്റെ അമ്മയ്‌ക്ക് നൽകണം. ജയൻ ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ 2012 ഫെബ്രുവരി 7ന് കടവൂർ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതികൾ വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരി ഒന്നാം തീയതിയാണ് കണ്ടെത്തിയത്. പ്രതികൾ അന്ന് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. ജാമ്യം റദ്ദാക്കിയ കോടതി കേസ് നാലാം തീയതിയിലേക്ക് മാറ്റിയതിനൊപ്പം ജാമ്യക്കാർക്ക് നോട്ടീസ് അയച്ചു. നാലിന് പ്രതികൾ ഹാജരാകാതെ ജാമ്യക്കാർ കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഏഴിലേക്ക് മാറ്റി. ഏഴിനും പ്രതികൾ ഹാജരാകാത്തതിനെ തുടർന്ന് കേസ് 14 ലേക്ക് മാറ്റിയപ്പോഴാണ് ഇന്നലെ പുലർച്ചെ നടകീയമായ കീഴടങ്ങൾ ഉണ്ടായത്. ഇവരെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രത്യേക സഘത്തെ നിയോഗിക്കുകയും ചെയ്‌തിരുന്നു.