'ഹീത്ത് ലെഡ്ജർ അവിസ്മരണീയമാക്കിയ കഥാപാത്രമാണ്, നിങ്ങൾ വെറുതെ കുളമാക്കണ്ട' ജോക്കർ എന്ന കഥാപാത്രത്തിനായി വോക്വിൻ ഫീനിക്സിനെ പരിഗണിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ചിലർ എഴുതിയ കമന്റാണിത്'. ആ കഥാപാത്രം സ്വീകരിക്കാൻ ആദ്യം ഫീനിക്സിനും മടിയുണ്ടായിരുന്നു. എന്നാൽ, സംവിധായകൻ ടോഡ് ഫിലിപ്സ് ആർതർ ഫ്ലെക്കെന്ന ജോക്കറായി ഫീനിക്സിനെ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
ഗ്ലാഡിയേറ്റർ, വാക് ദ ലൈൻ, ഇൻഹെറന്റ് വോയിസ്, ഹെർ എന്നിവയടക്കം പല ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടും മൂന്ന് തവണ ഒാസ്കാർ കൈക്കുമ്പിളിൽ നിന്ന് വഴുതിപ്പോയ മികച്ച നടനായിട്ടും ജോക്കറെ അവതരിപ്പിക്കുന്നത് ഫീനിക്സ് നിസാരമായി കണ്ടില്ല. ആർതർ എന്ന പാവം യുവാവ് സമൂഹത്തിന്റെ വികലത മൂലം ജോക്കർ എന്ന കൊടുംക്രൂരനായ സൈക്കോ വില്ലനായി മാറുന്നതായിരുന്നു കഥയുടെ അവലംബം. ലെഡ്ജറോടും അദ്ദേഹത്തിന് മുൻപ് ജോക്കറായി വേഷമിട്ട ജാക്ക് നിക്കോൺസണോടുമുള്ള താരതമ്യമായിരുന്നു ഫീനിക്സ് നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഫീനിക്സ് ജോക്കറിനെ ഏറ്റെടുത്തു. കഥാപാത്രത്തിനായി 23 കിലോയോളം ഭാരം കുറച്ചു. ഡി.സിയുടെ കോമിക് ബുക്കുകൾ വായിച്ചു. ഏറെ തയ്യാറെടുപ്പുകൾക്ക് ശേഷം ഫീനിക്സ് ജോക്കറായി. ആ പകർന്നാട്ടം ലോകമെമ്പാടുമുള്ള ജോക്കർ ആരാധകരെ അമ്പരിപ്പിച്ചു. ക്രൂരനായ വില്ലനോട് പ്രേക്ഷകർക്ക് സഹതാപം ജനിപ്പിക്കാൻ പാകത്തിനുള്ള മികച്ച പ്രകടനമായിരുന്നു ഫീനിക്സിന്റേത്. സിനിമ കണ്ട ഒാരോ പ്രേക്ഷകനും ജോക്കറായി ഫീനിക്സിനെ മനസിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബും ബാഫ്റ്റയും ഇപ്പോൾ ഒാസ്കാറുമെല്ലാം ഫീനിക്സിനെ തേടിയെത്തിയത് ആ പകർന്നാട്ടത്തിന്റെ മൂല്യം തിരിച്ചറിഞ്ഞാണ്. ജോക്കർ ആരാധകർക്ക് ഇനി ധൈര്യമായി പറയാം, ലെഡ്ജറിന് ശേഷം ആ കഥാപാത്രം ഫീനിക്സിന്റെ കൈയിൽ ഭദ്രമാണെന്ന്.