ന്യൂഡൽഹി: ഇന്ത്യയുടെ വിഭജനം രാജ്യത്തിന്റെ പ്രവർത്തനത്തിന് നല്ലതായിരുന്നെന്നും അല്ലെങ്കിൽ മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗ് രാജ്യത്തെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി നട്‌വർ സിങ്. 'ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായെന്നാണ് എന്റെ കാഴ്ചപ്പാട്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ സംഘർഷഭരിതമായ ദിനങ്ങൾ ഉടലെടുക്കുമായിരുന്നെന്നും നട്‌വർ സിങ് കൂട്ടിച്ചേർത്തു.
മാദ്ധ്യമപ്രവർത്തകൻ എം ജെ അക്ബറിന്റെ പുതിയ പുസ്തകമായ Gandhh's Hinduism, The struggle against Jinnah's Islam എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. '1946 ഓഗസ്റ്റ് 16ന് കൊൽക്കത്തയിൽ ആയിരക്കണക്കിന് ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. അതിന് പ്രതികാരമായി ആയിരക്കണക്കിന് മുസ്ലിങ്ങൾ ബിഹാറിലും കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ല എന്നുള്ളതു കൊണ്ട് തന്നെ പിന്നെ കാര്യങ്ങളെല്ലാം അസാദ്ധ്യമാവുമായിരുന്നെന്നും നട്‌വർ സിങ് പറഞ്ഞു.
ഇന്ത്യയെ വിഭജിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നത്. ഇതിന്റെ ഫലമായാണ് കൊൽക്കത്തയിലും ബിഹാറിലും വർഗീയ കലാപങ്ങൾ പിന്നീട് പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല 1946 സെപ്റ്റംബർ 2ന് രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ ഭാഗമാവാന്‍ ജിന്ന തയ്യാറായിരുന്നില്ല. പിന്നീട് ഭാഗമായപ്പോൾ സര്‍ക്കാർ മുന്നോട്ടുവെച്ച എല്ലാ പ്രമേയങ്ങളെയും ജിന്ന തള്ളിയതും നട്‌വർ സിങ് ഓർമ്മിപ്പിച്ചു.
ഇന്ത്യ വിഭജിച്ചില്ലായിരുന്നില്ലെങ്കിൽ മുസ്ലിം ലീഗ് രാജ്യത്തെ കുഴപ്പത്തിലാക്കിയേനെയെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്. വളരെ സങ്കീർണ്ണനായ വ്യക്തിയാണ് ജിന്നയെന്നും നട്‌വർ സിങ് പറഞ്ഞു.