lukaku

മിലാൻ: ആവേശം വാനോളമുയർന്ന മിലാൻ ഡെർബിയിൽ എ.സി മിലാനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഇന്റർ മിലാൻ ഇറ്രാലിയൻ സിരി എയിൽ യുവന്റസിനെ പിന്തള്ളി ഒന്നാമതെത്തി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ നാല് ഗോൾ തിരിച്ചടിച്ച് ഇന്റമിലാൻ തകർപ്പൻ ജയം നേടിയത്.

എ.സി മിലാന്റെ തട്ടകമായ സാൻ സിറോയിൽ നടന്ന മത്സരത്തിൽ മാഴ്സലോ ബ്രൊസോവിക്ക്, മത്തിയാസ് വസിനൊ, സ്റ്റെഫാൻ ഡി വ്രിജ്, റൊമേലു ലുകാകു എന്നിവരാണ് ഇന്ററിനായി ഗോളുകൾ നേടിയത്. ആന്റേ റെബിച്ചും സ്ലാട്ടൺ ഇബ്രാഹിമോവിച്ചുമാണ് എ.സി മിലാനായി ലക്ഷ്യം കണ്ടത്.

കളിയുടെ 40-ാം മിനിട്ടിൽ സ്ലാട്ടന്റെ ഹെഡ്ഡിംഗ് പാസ് തടയാനെത്തിയ ഇന്റർഗോളിയെ കബളിപ്പിച്ച് വലയ്ക്കകത്താക്കി റെബിച്ച് എ.സി മിലാനെ മുന്നിലെത്തിക്കുകയായിരുന്നു.

ഒന്നാം പകുതി അവസാനിക്കാറാകവെ സാമു കാസ്റ്റില്ലജോയെടുത്ത കോർണർ ഗോളിലേക്ക് തിരിച്ചു വിടാനുള്ള ഫ്രാങ്ക് കെസ്സിയുടെ ശ്രമം പരാജയപ്പെട്ടെങ്കിലും പന്ത് കിട്ടിയ ഇബ്രാഹിമോവിച്ച് മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കി ആതിഥേയർക്ക് രണ്ട് ഗോളിന്റെ ലീഡ് നൽകി. എന്നാൽ കൂടുതൽ കരുത്തരായ ഇന്റർമിലാനെയാണ് രണ്ടാം പകുപതിയിൽ കണ്ടത്. 51-ാം മിനിട്ടിൽ പെനാൽറ്രി ബോക്സിന് പുറത്ത് നിന്ന് തകർപ്പൻഇടംകാലൻ ഹാഫ് വോളിയിലൂടെ ബ്രൊസോവിക്ക് ഇന്ററിന്റെ ആദ്യ ഗോൾ നേടി. രണ്ട് മിനിട്ടിന് ശേഷം വസിനൊ ഇന്ററിന് സമനില സമ്മാനിച്ചു. 70-ാം മിനിട്ടിൽ ഡി വ്രിജ് ഇന്ററിനെ മുന്നിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ അധിക സമയത്ത് ലുകാകു അവരുടെ വിജയ മുറപ്പിച്ച ഗോളും നേടുകയായിരുന്നു.