ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ മർച്ചിന് നേരെ പൊലീസ് മർദ്ദനം. പൗരത്വ നിയമഭേദഗതി. എൻ.ആർ.സി എന്നിവയ്ക്കെതിരെ നടത്തിയ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി ഉയർന്നത് സ്വകാര്യഭാഗങ്ങളിൽ മർദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെൺകുട്ടികളെ ജാമിയ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ പത്തുപേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരിക്കേറ്റവരെ അൽ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡോക്ടർ അറിയിച്ചു.
ലാത്തികൊണ്ട് അടിയേറ്റ് ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വനിതാ പൊലീസുകാരി ബുർഖ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചതായി ഒരു വിദ്യാർത്ഥിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആൺകുട്ടികൾക്ക് നേരെയും ആക്രമണമുണ്ടായി
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജാമിയ കോ ഓഡിനേഷൻ കമ്മിറ്റി പാർലമെന്റിലേക്ക് നടത്തിയ മാർച്ചാണ് പൊലീസുമായി സംഘർഷത്തിൽ കലാശിച്ചത്.