ഇസ്ലാമാബാദ് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി പാകിസ്ഥാൻ കോടതി. പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. സിന്ധ് ഹൈകോടതിയാണ് ഈ വിചിത്ര ഉത്തരവിട്ടത്. പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. അതേസമയം 2014ലെ സിന്ധ് പ്രവിശ്യയിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്നും പെൺകുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകൾ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 14 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ മുസ്ലിം സമുദായക്കാരനായ അബ്ദുൽ ജബ്ബാർ തട്ടിക്കൊണ്ട് പോവുന്നത്. തുടർന്ന് മതപരിവർത്തനം ചെയ്യുകയും നിർബന്ധ വിവാഹത്തിന് വിധേയമാക്കുകയുമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സിന്ധ് കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.