തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാരിന്റെ ആവശ്യങ്ങൾക്കായി കാറുകൾ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി ടി.എം..തോമസ് ഐസക് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ കാറുകൾ വാങ്ങാൻ സർക്കാർ ഒരുങ്ങുന്നു. ബഡ്ജറ്റിനൊടൊപ്പം നിയമസഭയിൽ വച്ച ഉപധനാഭ്യർത്ഥനയിലാണ് എട്ടുവാഹനങ്ഹൾ പുതുതായി വാങ്ങുന്ന കാര്യം പറയുന്നത്.. കേരളഹൗസിലേക്കടക്കമാണ് കാറുകൾ വാങ്ങുന്നത് എന്നാണ് ആരോപണം. സെയിൽ ടാക്‌സ് കമ്മിഷണർ, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ, എക്‌സിക്യൂട്ടിവ് എൻജിനീയർ (പി..ഡബ്ല്യു..ഡി കോട്ടയം), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവെയൺമെന്റ് വകുപ്പ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അർബൻ അഫയേഴ്സ് ഡയറക്ടർ, ഇൻഡസ്ട്രിയൽ ട്രൈബൂണൽ (ആലപ്പുഴ), എൽ.എസ്.ജി.ഡി ഓംബുഡ്‌സ്മാന്‍, കേരള ഹൗസ് എന്നിവർക്കായാണ് വാഹനങ്ങൾ വാങ്ങുന്നത്.എന്നാൽ ബഡ്ജറ്റിനു മുൻപു തന്നെ കാറുകൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നതായി ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി..
വാഹനങ്ങൾക്കെല്ലാം ടോക്കൺ തുകയാണ് അനുവദിച്ചിരിക്കുന്നത്.. അതേസമയം .ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.
ഏഴാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിലാണ് സർക്കാർ വകുപ്പുകൾക്കായി കാറുകൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്താൽ 1000 വണ്ടിക്ക് 7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.