ലാലിഗയിൽ റയലിനും ബാഴ്സയ്ക്കും ജയം
കാമ്പ്നൂ: സ്പാനിഷ് ലീലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും ഗംഭീര വിജയം നേടിയതോടെ കിരീടപ്പോരാട്ടം ശക്തമായി. റയൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഒസാസുനയേയും ബാഴ്സലോണ 3-2ന് റയൽ ബെറ്രിസിനെയുമാണ് കീഴടക്കിയത്. ഇരുടീമും ലീഡ് വഴങ്ങിയ ശേഷമാണ് തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോൾ തിരിച്ചടിച്ച് റയൽ വിജയം നേടിയത്. ഇസ്കോ, റാമോസ്, വാസ്കസ്, ജോവിക്ക് എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. ഗാർഷ്യയാണ് ഒസാസുനയ്ക്കായി ഗോൾ നേടിയത്.
മറ്രൊരു മത്സരത്തിൽ 6-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്രി ഗോളാക്കി സെർജിയോ കനൽസ് ബാഴ്സയ്ക്കെതിരെ റയൽ ബെറ്രിസിനെ മുന്നിലെത്തിച്ചു. 9-ാം മിനിട്ടിൽ ഡി ജോംഗിലൂടെ ബാഴ്സ സമനില പിടിച്ചു. 26-ാം മിനിട്ടിൽ നബിൽ ഫെക്കിറിലൂടെ മുന്നിലെത്തിയ ബെറ്രിസിനെ ബുസ്കറ്റ്സും ലെംഗ്ലറ്റും നേടിയ ഗോളുകളിലൂടെ ബാഴ്സ മറികടക്കുകയായിരുന്നു. ഫെക്കിറും ലെംഗ്ലറ്റും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് ഇരുടീമും മത്സരം പൂർത്തിയാക്കിയത്.
23 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തുമാണ്.