gargi-college-

ന്യൂഡൽഹി: ഡൽഹി ഗാർഗി കോളേജിൽ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനികൾ. ആഘോഷമാകേണ്ടിയിരുന്ന കോളേജ് ഫെസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

സാധാരണയായി ഡൽഹി സർവകലാശാല വിദ്യാർത്ഥികൾ അല്ലാത്തവർക്ക് ഗാർഗി കോളേജ് കാമ്പസിൽ പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, ഇത്തവണ പാസ് പോലും കൈവശമില്ലാത്തവർ മതിലു ചാടി കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു,​ കാമ്പസിനുള്ളിലേക്ക് കയറിയവർ ഉടൻ തന്നെ ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും. മിക്കവരും ജീവനും കൊണ്ടോടിയെന്നും പെൺകുട്ടികൾ പറയുന്നു. അതേസമയം, മധ്യവയസ്കരായ പുരുഷൻമാർ തങ്ങൾക്കു നേരെ സ്വയംഭോഗം നടത്തിയെന്ന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു.

പുരുഷൻമാരുടെ ഒരു കൂട്ടം കാമ്പസിൽ പ്രവേശിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. നേരത്തെ തയ്യാറാക്കിയതു പോലെ ആയിരുന്നു ആക്രമണമെന്നാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഫെസ്റ്റ് നടക്കുന്ന ദിവസം കണക്കു കൂട്ടി അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കോളേജിൽ ഞങ്ങൾക്ക് സുരക്ഷാ ഗാർഡുകളുണ്ട്. എന്നാൽ, ഇത്തരത്തിലൊരു ആക്രമണം നേരിടാൻ അവർ സജ്ജമായിരുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും ഡൽഹി പൊലീസിനെയും ഗേറ്റിനു മുന്നിൽ വിന്യസിച്ചിരുന്നെന്നും എന്നാൽ ഇവരെ മറികടന്ന് അക്രമികൾ കാമ്പസിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു

. ഡൽഹി വനിതാ കമ്മീഷൻ അംഗം സ്വാതി മാലിവാൾ സംഭവസ്ഥലത്ത് എത്തി വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു.. സംഭവത്തിന്റെ സി സി ടി വി ഫൂട്ടേജുകൾ പൊലീസ് പരിശോധിച്ചു.