ന്യൂഡൽഹി: ഖരഗ്‌പൂർ ഐ.ഐ.ടി മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികളുടെ മനസ്സിൽ എ.കെ എന്ന ചുരുക്കപ്പേരിനു പിന്നിൽ എ.കെ 47 തോക്കല്ല! രൂപം അന്നും ഇന്നും തോക്കു പോലെ മെലിഞ്ഞു തന്നെ- അരവിന്ദ് കേജ്‌രിവാൾ. കാമ്പസിൽ നാണംകുണുങ്ങിയായിരുന്ന കട്ടിമീശക്കാരൻ പയ്യന്റെ കൊലുന്നനെയുള്ള രൂപം മനസ്സിൽവച്ച് അന്നു കൂട്ടുകാരിട്ട വിളിപ്പേര് ശരിക്കും ശരിയായത് പിന്നീടാണെന്ന് അഴിമതിക്കെതിരെ ജന്ദർമന്ദറിലും രാംലീലാ മൈതാനത്തും ആ പതിഞ്ഞ ശബ്ദത്തിൽ നിന്ന് വെടിയുണ്ട പാഞ്ഞപ്പോഴാണ്!
അത്ര ഉറച്ചതല്ല, കേജ്‌രിവാളിന്റെ ശബ്ദം. പക്ഷെ ഡൽഹി മൂന്നാംവട്ടവും അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി പദമേറ്റുമ്പോൾ രാജ്യം തിരിച്ചറിയുന്നുണ്ട്, പതിഞ്ഞ ശബ്ദത്തിൽ പൊതിഞ്ഞ നിശ്ചയദാർഢ്യത്തിന്റെ കരുത്ത്. പഠിക്കുന്ന കാലത്ത് കണക്കിൽ മിടുക്കനായിരുന്ന പയ്യനെ കുഴപ്പിക്കാൻ കൂട്ടുകാർ പല വിചിത്രഗണിതങ്ങളുമായി വരും. ഏതു കുരുക്കുപിടിച്ച കണക്കിനും കണ്ണടച്ചു തുറക്കുമ്പോൾ ഉത്തരം! മുഖ്യമന്ത്രിയാകുമ്പോഴും കേജ്‌രിവാളിന്റെ മനസ്സിൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ കണക്കായിരുന്നു. ആ കുരുക്കഴിച്ചാണ് കേജ്‌രിവാൾ ഇന്ദ്രപ്രസ്ഥത്തിന്റെ ധീരോദാത്ത നായകനായത്.
1968 ആഗസ്റ്റ് 16ന് ജന്മാഷ്ടമി നാളിൽ ഹരിയാനയിലെ സിവാനി ജില്ലയിൽ അനാജ്മണ്ഡി ഗ്രാമത്തിലെ ബാനിയ കുടുംബത്തിൽ ജനനം. നാണക്കാരൻ പയ്യൻ സ്കൂൾ ക്ളാസുകളിൽ പതുങ്ങിയിരുന്നാലും പ്രസംഗമത്സരങ്ങളിൽ കത്തിനിന്നു. സാമൂഹിക അനാചാരങ്ങൾക്കെതിരെയാണ് പ്രസംഗമെങ്കിൽ അരവിന്ദ് പ്രസംഗത്തിൽ കൊടുങ്കാറ്റാകും.1985 ൽ എൻജിനിയറിംഗ് ബിരുദമെടുത്തപ്പോൾ കാത്തിരുന്നത് ടാറ്റാ സ്റ്റീൽസിലെ ഒന്നാന്തരം ഉദ്യോഗം. മൂന്നു വർഷം അവിടെ.
സിവിൽ സർവീസാണ് വഴിയെന്നു തോന്നിയപ്പോൾ ടാറ്റയിലെ ജോലി ഉപേക്ഷിച്ചു. കുറച്ചുകാലം രാമകൃഷ്ണ മിഷനിൽ. സിവിൽ സർവീസിൽ ഐ.ആർ.എസ് (ഇന്ത്യൻ റവന്യൂ സർവീസ്) ആയിരുന്നു തട്ടകം. മസൂറിയിലെ ട്രെയിനിംഗ് കാലത്ത് കാമ്പസിൽ വച്ചു പരിചയപ്പെട്ട സുനിതയെ പിന്നീട് ജീവിതസഖിയാക്കി. പരിശീലനം പൂർത്തിയായപ്പോൾ ആദായനികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർമാരായി ഇരുവർക്കും ഡൽഹിയിൽ നിയമനം.
സാമൂഹികമാറ്റം എന്ന സ്വപ്നം മനസ്സിലും വാക്കിലും കൊണ്ടുനടക്കുകയല്ല, പ്രവൃത്തിയിലേക്ക് പരിവർത്തനം ചെയ്യുകയാണ് വേണ്ടതെന്നു തോന്നിയപ്പോൾ 2000-ത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ പരിവർത്തൻ എന്ന സന്നദ്ധസംഘടന ജന്മമെടുത്തു. അരുണാ റോയി, ശേഖർസിംഗ് തുടങ്ങിയവരായിരുന്നു കൂട്ട്. ആദായനികുതി, പൊതുവിതരണം തുടങ്ങിയ മേഖലകളിൽ ജനങ്ങളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ഉദ്യോഗവും സാമൂഹിക സേവനവും ഒരുമിച്ചു പോകില്ലെന്നു മനസ്സിലായപ്പോൾ സർവീസിൽ നിന്ന് നീണ്ടനാളത്തെ അവധിയെടുത്തു.
അഴിമതിക്കെതിരെ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗാന്ധിയൻ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാരിനെ വെള്ളം കുടിപ്പിച്ച 2011ലെ ലോക്പാൽ സത്യഗ്രഹ സമരപരമ്പരയുടെ മുഖ്യസംഘാടകനായാണ് പിന്നെ കേജ്‌രിവാളിനെ കണ്ടത്. പതിഞ്ഞ ശബ്ദത്തിൽ കുറിക്കു കൊള്ളുന്ന പ്രസംഗവും സർക്കാരിന്റെ പ്രതിസന്ധിയിലാക്കിയ സമരത്തിന്റെ ആസൂത്രണവും കേജ്‌രിവാളിനെ ശ്രദ്ധാകേന്ദ്രമാക്കി.
അഴിമതി വിരുദ്ധ പോരാട്ടം നൽകിയ കരുത്തിൽ കേജ്‌രിവാൾ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ശാന്തി ഭൂഷൺ, കിരൺ ബേദി തുടങ്ങിയവർ ചേ
ർന്ന് ആം ആദ്‌മി പാർട്ടിക്ക് രൂപം നൽകിയത് 2012 നവംബറിൽ. 2013 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ 44-ാം വയസിൽ ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ തറപറ്റിച്ചായിരുന്നു കേജ്‌രിവാളിന്റെ ജയഭേരി. ആപ് രാഷ്ട്രീയപരീക്ഷണത്തിന്റെ ആദ്യ അദ്ധ്യായത്തിൽ 70 അംഗ നിയമസഭയിൽ കിട്ടിയത് 28 സീറ്റ്. പക്ഷെ, ലോക്പാൽ ബില്ലിനെ സഭയിൽ കോൺഗ്രസ് പിന്തുണയ്ക്കാതിരുന്നതിനെ തുർന്ന് 49-ാം ദിവസം, 2014 ഫെബ്രുവരി 14 ന് രാജി.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്രമോദിയോട് തോൽവി. അടുത്ത ഫെബ്രുവരിയിൽ, രാഷ്‌ട്രപതി ഭരണം നീക്കിയ ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിക്ക് ചരിത്ര ജയം- 70ൽ 67. കേജ്‌രിവാൾ രണ്ടാമതും മുഖ്യമന്ത്രി പദത്തിൽ. പക്ഷെ, പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയിൽ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ വഴിപിരിഞ്ഞു. കേജ്‌രിവാൾ സ്വേച്ഛാധിപതിയെന്നായിരുന്നു ആക്ഷേപം. നടപ്പിക്കായത് സ്വേച്ഛയല്ല, ജനങ്ങളുടെ ഇച്ഛയെന്ന് മൂന്നാംവട്ടവും തെളിയിച്ചാണ് അരവിന്ദ് കെജ്‌രിവാൾ അതിന് ഇപ്പോൾ മറുപടി നൽകിയത്.
2006ൽ അഴിമതിക്കെതിരെയുള്ള പ്രവർത്തനം മുൻ നിറുത്തി മഗ്‌സസെ അവാർഡ്. പുരസ്കാരത്തുക കൊണ്ട് പബ്‌ളിക് കോസ് റിസർച്ച് ഓർഗനൈസേഷൻ എന്ന സന്നദ്ധസംഘടനയ്ക്ക് രൂപം നൽകി. തികഞ്ഞ സസ്യാഹാരി. പുരാതന ധ്യാനസമ്പ്രദായമായ വിപാസനയുടെ ഉപാസകൻ. ഇഷ്ടവേഷം ഷർട്ടും പാന്റ്സും. സ്വന്തം സുരക്ഷയിൽ വലിയ കാർശ്യമില്ല. എതിരാളികൾ ചെരിപ്പും മുളകുപൊടിയും എറിഞ്ഞതും സഹിച്ചു. സ്ഥിര വാഹനമായിരുന്ന നീല വാഗണർ കാർ പാർട്ടിക്കു നൽകി. വീട്ടിൽ അമ്മ ഗീതാ കേജ്‌രിവാളും, ആദായ നികുതി വകുപ്പ് ഓഫീസറായ ഭാര്യ സുനിതയും മക്കൾ ഹർഷിതയും പുൽകിതും.