bumrah

ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ഏകദിനം രാവിലെ 7.30 മുതൽ

സ്റ്റാർസ്പോർട്സ് ദൂരദർശൻ ചാനലുകളിൽ തത്സമയം

മൗണ്ട്മാൻഗനൂയി: പരമ്പര കിവി കൊത്തിപ്പോയെങ്കിലും ഒരു മത്സരമെങ്കിലും ജയിച്ച് മുഖം രക്ഷിക്കാൻ ഇന്ന് രാവിലെ 7.30ന് തുടങ്ങുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഇറങ്ങുന്നു. ആദ്യ രണ്ട് മത്സരവും ജയിച്ച ന്യൂസിലൻഡ് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

ജയിക്കാൻ ഇന്ത്യ

ട്വന്റി-20 പമ്പരയിലെ സമ്പൂർണ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടിയ കിവികൾക്കെതിരെ ഇന്ന് എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം നൽകിയ ഫോമിലുള്ള ബൗളർ മുഹമ്മദ് ഷമിയെ ഇന്ത്യ ഇന്ന് അവസാന ഇലവനിൽ ഇറക്കിയേക്കും. അതേസമയം നിറം മങ്ങിയ ജസ്പ്രീത് ബുംറയെ ഇന്ന് പുറത്തിരുത്തിയേക്കും. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുംറയ്ക്ക് പഴയഫോമിലേക്ക് ഇതുവരെ തിരിച്ചെത്താനായിട്ടില്ല. പരിക്കിൽ നിന്ന് മോചിതനായെത്തിയ ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് നേടാനായിട്ടുള്ളൂ. രാഹുലിന് വിശ്മം നൽകി പന്ത് കീപ്പറാകാനും സാധ്യതയുണ്ട്.

സാധ്യതാ ടീം: മായങ്ക്, പ്രിഥ്വി,വിരാട്, ശ്രേയസ്, രാഹുൽ/പന്ത്,ജഡേജ, കേദാർ/മനീഷ്,ഷർദ്ദുൾ, ചഹൽ,സെയ്നി, ഷമി/ബുംറ.

വില്യംസൺ കളിച്ചേക്കും

പരിക്കിൽ നിന്ന് മോചിതനായ സ്ഥിരം നായകൻ കെയ്ൻ വില്യംസൺ ഇന്ന് കിവികൾക്കായി കളിക്കാനിറങ്ങിയേക്കും. സൗത്തി, കഗ്ഗ്‌ലെയ്ജൻ, സാന്റനർ എന്നിവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ രണ്ടാം ഏകദിനത്തിൽ ടീമിൽ നിന്ന് വിടുതൽ നൽകിയ ഇഷ് സോധിയേയും ടിക്‌നറേയും ന്യൂസിലൻഡ് തിരിച്ചുവിളിച്ചിട്ടുണ്ട്.

സാധ്യതാടീം: ഗപ്ടിൽ,നിക്കോളാസ്,വില്യംസൺ, ടെയ്ലർ,ലതാം,നീഷം,ഗ്രാൻഡ്ഹോമ്മെ, സൗത്തി, ജാമിസൺ,സോധി/സാന്റ്നർ,ബെന്നറ്ര്/കഗ്ഗ്‌ലെയ്ജൻ.