-tribal-

കൽപ്പറ്റ: വയനാട്ടിൽ ഗുണന പട്ടിക തെറ്റിച്ചതിന് ആദിവാസി ബാലനെ ഹോസ്റ്രൽ വാർഡൻ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. ട്രൈബല്‍ ഓഫീസറോടും വിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഗുണന പട്ടിക തെറ്റിച്ചതിന് മർദ്ദിച്ചും എന്നാ കാട്ടിയാണ് ഒൻപതുവയസുകാരന്റെ കുടുംബം പൊലീസിന് പരാതി നൽകിയത്.. പരാതിയിൽ വാർഡനെതിരെ പൊലീസ് കേസെടുത്തിരുന്നു. നെന്മേനി ആനപ്പാറ ട്രൈബൽ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹോസ്റ്റൽ വാർഡൻ അനൂപ് മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഗുണന പട്ടിക ചൊല്ലാൻ വാർഡൻ ആവശ്യപ്പെട്ടു. ഗുണന പട്ടിക ചൊല്ലുന്നതിനിടെ ചില തെറ്റുകൾ ഉണ്ടായി. ഇതില്‍ ക്ഷുഭിതനായ വാർഡൻ തന്നെ മർദ്ദിച്ചു എന്നാണ് ഒൻപതുകാരൻ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെങ്കിലും മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് നടക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന് നടക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വീട്ടുകാരെ കാര്യം ധരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ അമ്മ കുട്ടിയെ ബത്തേരി ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം അമ്പലവയല്‍ പൊലീസിനെ അറിയിച്ചത്.