ranjan-gogoi

ഗാന്ധിനഗർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രംഗത്ത്. ആദ്യമായാണ് ഈ വിഷയത്തിൽ ഗൊഗോയ് പ്രതികരിക്കുന്നത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്റെ ഏറ്റവും പ്രധാന മൗലിക കടമ. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികൾ സൃഷ്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾക്ക് നിങ്ങളുടേതായ അഭിപ്രായങ്ങൾ പറയാം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കി. ഇനി മതിയാക്കാം. നിങ്ങൾക്ക് ഒരേസമയം കോടതിയിൽ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാദ്ധ്യമല്ല. ഭരണഘടനപരമായി സുപ്രീം കോടതിയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സി.എ.എയെക്കുറിച്ച് എനിക്ക് എന്റേതായ കാഴ്ചപാടുണ്ട്. നിങ്ങൾക്കും അതുണ്ടാകാം നമ്മുടെ അഭിപ്രായങ്ങൾ യോജിക്കണമെന്നുമില്ല. എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്ക് അവകാശമുണ്ട്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ നിങ്ങൾക്കും അവകാശമുണ്ട്. പക്ഷേ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങൾ ജഡ്ജിമാരിൽ വിശ്വാസം അർപ്പിക്കുക. അവർ ഭരണഘടന പ്രകാരം തീരുമാനമെടുക്കും. ഗൊഗോയ് വിശദമാക്കി.