തിരുവനന്തപുരം: ഒരു പിടി പൂക്കളും കണ്ണീർക്കണങ്ങളും പാദങ്ങളിലർപ്പിച്ച് പരമേശ്വർജി എന്ന പി. പരമേശ്വരന് അനന്തപുരി വിട നൽകി. ഞായറാഴ്ച രാത്രി മുതൽ സംസ്കൃതി ഭവനിലും അയ്യങ്കാളി ഹാളിയും പൊതുദർശത്തിനുവച്ച ആർ.എസ്.എസിന്റെ താത്വികാചാര്യന് അന്ത്യാഞ്ജലി അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ തലസ്ഥാനത്ത പൗരാവലി എത്തുകയായിരുന്നു. കൊച്ചിയിലെ ആർ.എസ്.എസ് പ്രാന്ത കാര്യാലയത്തിലെ പൊതുദർശനത്തിന് ശേഷമാണ് ഞായറാഴ്ച രാത്രി ഭൗതികദേഹം അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രമായിരുന്ന സംസ്കൃതി ഭവനിലെത്തിച്ചത്.
ഇന്നലെ രാവിലെ ആറുവരെ സംസ്കൃതി ഭവനിലായിരുന്നു പൊതുദർശനം. ഭൗതിക ശരീരത്തെ അനുഗമിച്ച സഹചാരി സുരേന്ദ്രൻ ഹാളിലേക്ക് കടക്കാൻ തയ്യാറായില്ല. വിങ്ങുന്ന മനസുമായി വിചാരകേന്ദ്രത്തിലെ ഒന്നാം നിലയിൽ പരമേശ്വർജിയുടെ മുറിയിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മുതിർന്ന പ്രവർത്തകർ നിർബന്ധിച്ചതോടെയാണ് ഭൗതിക ശരീരത്തിനടുത്ത് വിങ്ങിപ്പൊട്ടുന്ന മനസോടെ അദ്ദേഹം ഇരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ പരമേശ്വർജിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കൊച്ചിയിൽ നിന്നു വിലാപയാത്രയ്ക്കൊപ്പമെത്തിയ വി. മുരളീധരൻ മുഹമ്മയിലേക്കുള്ള യാത്രയിലും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ ആറോടെ ആർ.എസ്.എസ് സർകാര്യവാഹ് (ദേശീയ ജനറൽ സെക്രട്ടറി ) ഭയ്യാജി ജോഷി പരമേശ്വർജിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഭൗതിക ശരീരം ഏഴോടെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുപോയി. അയ്യങ്കാളി ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി , ഇ. ചന്ദ്രശേഖരൻ, കെ. രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാകേഷ് സിൻഹ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ ഒ. രാജഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസെന്റ്, വി.എസ്. ശിവകുമാർ, ശബരീനാഥൻ, ഐ.ബി. സതീഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത്, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാന്ദ, ശ്രീരാമകൃഷ്ണ ആശ്രമം മഠം മോക്ഷവൃതാനന്ദ, ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ. സഞ്ജയൻ, ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയൻ, പ്രാന്തപ്രചാരക് ഹരികൃഷ്ണൻ, സഹപ്രാന്തപ്രചാരക് സുദർശനൻ, പ്രാന്തീയ കാര്യകാര്യ സദസ്യൻ വത്സൻ തില്ലങ്കേരി, പ്രാന്ത്ര സഹ സേവാപ്രമുഖ് വത്സൻ, സംസ്ഥാന സഹ സമ്പർക്ക് പ്രമുഖ് ക.ഭ. സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ സംഘചാലക് പ്രൊഫ.എം.എസ്. രമേശ്, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, കേസരി മുഖ്യ പത്രാധിപർ എൻ.ആർ. മധു, ജനം ടി.വി എം.ഡി കൃഷ്ണകുമാർ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള, സംവിധായകൻ ശ്യാമപ്രസാദ്, സൂര്യകാലടി മന സൂര്യൻ ഭട്ടതിരിപ്പാട്, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, ദേശീയ നിർവാഹക സമിതി അംഗം കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ഇം.എം.എസിന്റെ മകൾ രാധ, യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ്, മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ള, മുൻ എം.എൽ.എ വി. ശിവൻകുട്ടി, മുൻ പ്രതിരോധ സെക്രട്ടറി ജി.മോഹൻകുമാർ, സനിമാ നിർമ്മാതാവ് സുരേഷ്കുമാർ, നടി മേനക സുരേഷ്, മുൻ ആസൂത്രണ കമ്മീഷൻ അംഗം വിജയരാഘവൻ, ഡോ. പൂജപ്പുര കൃഷ്ണൻ നായർ (വിവേകാനന്ദ സാംസ്കാരിക കേന്ദ്രം )തുടങ്ങിയവർ ആദരാഞ്ജലി ആർപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.
ശ്രീനാരായണഗുരു ആദ്ധ്യാത്മിക ചൈതന്യം
19-ാം നൂറ്റാണ്ടിന്റെ ദേശീയ നവോത്ഥാനത്തിന്റെ ഭാഗമായി, അതുമായി ചുവടൊപ്പിച്ച്, കേരളക്കരയിൽ അലയടിച്ച സർവതോന്മുഖമായ കേരള നവോത്ഥാനത്തിന് നാന്ദി കുറിച്ചത് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ്. അതിന്റെ സദ്ഫലങ്ങൾ കേരളത്തിന് കൊയ്തെടുക്കാൻ കഴിഞ്ഞു. അതായിരുന്നു യഥാർത്ഥ കേരള മോഡൽ. സംഘർഷരഹിതവും ക്രിയാത്മകവും സൗഹാർദപൂർണവുമായ സംയുക്ത മുന്നേറ്റത്തിന് പ്രേരകമായി തീർന്ന ആദ്ധ്യാത്മക ചൈതന്യമായിരുന്നു അതിനെ നയിച്ചത്. പക്ഷേ, ദൗർഭാഗ്യവശാൽ അതിന്റെ ഉണ്മ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിന് പകരം ഭൗതികവാദികൾ ആ മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യുകയാണ് ചെയ്തത്.
- ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകത്തിൽ നിന്നും
ഗാന്ധിജിയോട് വിയോജിപ്പ്
ഭാരത വിഭജനത്തെ ഗാന്ധിജി എതിർത്തില്ല എന്നത് എന്നെപ്പോലുള്ളവരെ വേദനിപ്പിച്ചു. ചരിത്രപരമായ ഏറ്റവും വലിയ അബദ്ധമായിരുന്നു അത്. പക്ഷേ മറ്റൊരു മാർഗമില്ല എന്നു പറഞ്ഞാണ് ഗാന്ധിജി അതിനെ അംഗീകരിച്ചത്.
കമ്യൂണിസത്തോടുള്ള എതിർപ്പ്
കമ്യൂണിസത്തോടുള്ള എതിർപ്പിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന്: ഭാരത സ്വാതന്ത്യ്രത്തിനു വിരുദ്ധമായ നിലപാടാണ് അവർ എടുത്തത്. ഞങ്ങളൊക്കെ സ്വാതന്ത്യ്രത്തിനു വേണ്ടി ദാഹിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമയത്തായിരുന്നു അവരുടെ ഈ നിലപാട്. രണ്ട്: ഭാരതത്തെ വിഭജിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നിവൃത്തികേടുകൊണ്ട് കീഴടങ്ങിപ്പോയതാണ്. എന്നാൽ കമ്യൂണിസ്റ്റുകാരുടെ സിദ്ധാന്തം തന്നെ വിവിധ ദേശീയതകളുടെ യൂണിയൻ എന്നതായിരുന്നു.