തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ സ്വപ്നങ്ങളുടെ നിറംകെടുത്തിയ ബഡ്ജറ്റിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. നഗരവികസനത്തിനുള്ള പദ്ധതികൾക്ക് പണം മാറ്റിവയ്ക്കാതെ സർക്കാർ തിരുവനന്തപുരത്തെ പാടേ അവഗണിച്ചെന്നാണ് പരാതി. നഗരത്തിന്റെ വികസനത്ത് ആക്കം കൂട്ടുന്ന സുപ്രധാന പദ്ധതികളിലൊണ് ആറ്റുകാൽ ടൗൺഷിപ്പ്. എന്നാൽ ഇന്ന് ഈ പദ്ധതിയെ സർക്കാർ പാടേ മറന്ന സ്ഥിതിയാണ്. തിരുവനന്തപുരം നഗര വികസനത്തിന് അനന്തസാദ്ധ്യതകൾ തുറന്നിടുന്ന ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതിക്ക് ബഡ്ജറ്റിൽ പണം അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ ബഡ്ജറ്റിൽ മാത്രമല്ല നേരത്തെയും സമാനമായ നിലപാടാണ് ആറ്റുകാൽ ടൗൺഷിപ്പിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ആറ്റുകാൽ ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന പരിസരത്തെ വികസിപ്പിക്കുന്ന ഭീമൻ പദ്ധതിയാണ് ഇതോടെ എങ്ങുമെത്താതെ പോയത്.
2012ൽയു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ട്രിഡയുടെ മേൽനോട്ടത്തിലായിരുന്നു പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്. ട്രിഡ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ സിഡ്കോയെ ചുമതലപ്പെടുത്തി. പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 2016-17ബഡ്ജറ്റിൽ പദ്ധതിക്ക് പണം നീക്കിവച്ചില്ല. എന്നാൽ പുതുക്കിയ ബഡ്ജറ്റ് പ്രസംഗത്തിൽ പദ്ധതിക്കായി 100കോടി രൂപ നീക്കിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 10കോടി രൂപ 2016-17 ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ആറ്റുകാൽ ടൗൺഷിപ്പ് ഈ പ്രഖ്യാപനത്തോടെ ഒതുങ്ങി. പദ്ധതി എങ്ങനെ തുടങ്ങണം? എവിടെ തുടങ്ങണം? ചുമതല ആർക്കാണ് ? തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ആർക്കും ധാരണയില്ല.
മറന്നു പോയവർ ഓർമ്മിക്കാൻ
250 കോടിയുടെ പദ്ധതി ഇങ്ങനെ
മൂന്ന് പ്രത്യേക മേഖലകളായി തരംതിരിച്ചാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ചെലവ് 250കോടി. ക്ഷേത്രവും അതിന് ചുറ്റുമുള്ള സമീപപ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 50ഏക്കർ തുറസായ സ്ഥലമാണ് ആദ്യത്തേത്.
പൊങ്കാല ഉത്സവകാലഘട്ടത്തിൽ മൂന്നു ലക്ഷത്തോളം ആളുകളെ ഒരുമിച്ച് ഉൾക്കൊള്ളിക്കാൻ കഴിയുന്ന വിധത്തിൽ പുൽമേടുകളോടുകൂടിയ തുറസായ സ്ഥലമാണ് ഇവിടെ നിർമ്മിക്കുക. ആറ്റുകാൽ ക്ഷേത്രപരിസരത്തിന് ചുറ്റുമായി ഏകദേശം 480 ഏക്കർ സ്ഥലമാണ് സമഗ്ര ആസൂത്രിത നഗര പ്രദേശമാക്കി മാറ്റാനുള്ള രണ്ടാം മേഖല.
മൂന്നാം ഘട്ടത്തിൽ പദ്ധതി പ്രദേശത്തെ എല്ലാ വാർഡുകളും ഈ മേഖലയിൽപ്പെടുന്നു. വാർഡ് തലത്തിൽ നടപ്പാക്കാൻ കഴിയുന്നതും നഗര വികസനത്തിൽ പ്രാമുഖ്യമുള്ള പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കാനുമാണ് ഈ മേഖല.
പദ്ധതിയുൾപ്പെടുന്ന 29 വാർഡുകൾ
തൈക്കാട്, വഴുതക്കാട്, വലിയശാല, ജഗതി, കരമന, ആറന്നൂർ, നേമം, പാപ്പനംകോട്, നെടുങ്കാട്, കാലടി, മേലാംകോട്, തിരുവല്ലം, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, മാണിക്യവിളാകം, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്, തമ്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക.
ടൗൺഷിപ്പ് വന്നാൽ
കിള്ളിയാറിന്റെ ഒരു ഭാഗത്ത് കലാസാംസ്കാരിക വേദിയും മറുഭാഗത്ത് സാമൂഹിക, വാണിജ്യ, കായിക വിനോദ കേന്ദ്രങ്ങളും.
റോഡുകളുടെ നവീകരണം, ആധുനിക പാർക്കിംഗ് സൗകര്യങ്ങൾ
മേളകൾ സംഘടിപ്പിക്കാനുള്ള സ്ഥിര സംവിധാനങ്ങൾ, വിശാലമായ തടാകം, ആഡിറ്റോറിയം, വാണിജ്യ കേന്ദ്രങ്ങൾ
പ്രാഥമിക ശുശ്രൂഷ, ഫയർ സ്റ്റേഷൻ, ധ്യാന കേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ
കിള്ളിയാറിന്റെ ഇരുകരകളും മോടിപിടിപ്പിച്ചുള്ള പ്രകൃതിദത്ത ആവാസ കേന്ദ്രം
മണക്കാട് മാർക്കറ്റ്, ശിങ്കാരത്തോപ്പ് കോളനി, ശ്മശാനം, ജംഗ്ഷൻ വികസന പദ്ധതികൾ
കിള്ളിയാറിന്റെ സൗന്ദര്യവത്കരണം
കരിമഠം കോളനിയുടെ സമഗ്ര നവീകരണം
ജലസ്രോതസുകളുടെയും നീരൊഴുക്കുകളുടെയും സംരക്ഷണം
ആറ്റുകാൽ ടൗൺഷിപ്പിന്റെ കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ചെയ്ത നടപടികൾ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതിയെ സർക്കാർ ബോധപൂർവം അവഗണിക്കുകയാണ്. ഇപ്പോൾ ബഡ്ജറ്റിലും അവഗണിച്ചു. - വി.എസ്.ശിവകുമാർ എം.എൽ.എ