തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ കേന്ദ്രമായ ടെക്നോപാർക്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലവസരങ്ങൾ വർദ്ധിച്ചതായി സർക്കാരിന്റെ കണക്ക്. 2014 - 15ൽ 47,100 ആയിരുന്നത് 2018-19ൽ 60,000 ആയി ഉയർന്നെന്നാണ് സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ 60,000 പേർക്ക് പ്രത്യക്ഷമായും 1.50 ലക്ഷം പേർക്ക് പരോക്ഷമായും ടെക്നോപാർക്ക് തൊഴിൽ നൽകുന്നുണ്ട്. 2021 ആകുമ്പോഴേക്കും 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ടെക്നോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി എംബസി ടോറസ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 1500 കോടി മുതൽമുടക്കിൽ ബിസിനസ് ഇൻഫ്രാസ്ട്രക്ടചറാണ് സൃഷ്ടിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ പ്രത്യക്ഷത്തിൽ 35,000 പേർക്കും പരോക്ഷമായി 75,000 പേർക്കും തൊഴിൽ ലഭിക്കും.
കയറ്റുമതി വളർന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. 2014- 15ൽ 355 കമ്പനികൾ ഉണ്ടായിരുന്നത് 2018- 19ൽ അത് 410 ആയി.
കയറ്റുമതി ഇങ്ങനെ (കോടിയിൽ)
2014 - 15: 5100
2017 - 18: 6450
2018 - 19: 7000
ഭാവി പദ്ധതികൾ
l ടെക്നോപാർക്കിലെ രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ഈ വർഷം പൂർത്തിയാകും
l 97 ഏക്കറിൽ 36,000 കോടി മുതൽമുടക്കിൽ ടി.സി.എസ് ലോകോത്തര പരിശീലന കേന്ദ്രം സ്ഥാപിക്കും. 16,000 ട്രെയിനികൾക്ക് പരിശീലനം നൽകും
l സൺടെക്ക് 300 കോടി ചെലവിട്ട് ഐ.ടി കെട്ടിടം നിർമ്മിക്കും. 2500 പേർക്ക് തൊഴിൽ ലഭിക്കും
l 10 ഏക്കറിൽ ഐ.ഐ.ഐ.ടി.എം.കെ മാനേജ്മെന്റ് കെട്ടിടവും ഹോസ്റ്രലും പണിയും
ടെക്നോസിറ്റി വരുന്നു
കഴക്കൂട്ടം പള്ളിപ്പുറത്ത് 424 ഏക്കർ ഭൂമിയിലാണ് ടെക്നോസിറ്റി പ്രോജക്ട് ഒരുങ്ങുന്നത്. ഇത് പൂർത്തിയാകുന്നതോടെ ടെക്നോപാർക്ക് ഏകീകൃത ഐ.ടി ടൗൺഷിപ്പാകുകയും കേരളത്തിലെ തന്നെ ഐ.ടി ഇടനാഴിയായി മാറുകയും ചെയ്യും. ടി.സി.എസ്, ഇൻഫോസിസ്, സൺടെക്, കെയ്സ്, ഐ.ഐ.ഐ.ടി.എം.കെ എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.