തിരുവനന്തപുരം: ഭാരതീയ ഋഷിപാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അറിവു തേടി ഭാരതീയ വിചാരകേന്ദ്രത്തിലേക്കെത്തിയിരുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇനി പി.പരമേശ്വരൻ എന്ന പരമേശ്വർജി ഇല്ല. സംസ്കൃതി ഭവനിൽ പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രത്തിൽ വരുന്നവർക്ക് അറിവു നൽകാൻ പുസ്തകങ്ങളുടെ വലിയൊരു ശേഖരവുമായി പരമേശ്വർജി ഇരുന്ന കസേര ഇപ്പോൾ ശൂന്യമാണ്. അറിവിന്റെ മഹാസാഗരം ഉള്ളിലേന്തിയ ആ ധിഷണാശാലി അഗ്നിയിൽ ലയിച്ചമർന്നു. ഞായറാഴ്ച ഒരിക്കൽ കൂടി പരമേശ്വർജി ഇവിടെ എത്തി - പക്ഷേ ചേതനയറ്റ ശരീരമായായിരുന്നു ആ വരവ്.
അദ്ദേഹം സൃഷ്ടിച്ച വിജ്ഞാന കേന്ദ്രത്തിൽ പുഷ്പങ്ങളാൽ അലങ്കരിക്കപ്പെട്ടു ശയിച്ചു. അവിടെ ഓടിയെത്തിയവരുടെ ഉള്ളിൽ ആ ഹാളിൽ മുൻപ് അദ്ദേഹം നടത്തിയ പ്രൗഢ ഗംഭീര പ്രസംഗങ്ങളുടെ വരികൾ മുഴങ്ങി. ഇന്നലെ രാവിലെ മൃതശരീരം അയ്യങ്കാളി ഹാളിലേക്കു കൊണ്ടു പോയപ്പോൾ സംസ്കൃതി ഭവൻ ഒന്നു തേങ്ങിയിട്ടുണ്ടാകും. മതപരമായ രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം കേരളീയ സമൂഹത്തോട് ചിലത് ഓർമ്മപ്പെടുത്തിയതും അതിനു വേണ്ടി വാദിച്ചതും പരമേശ്വർജിയുടെ ഭാരതീയ വിചാരകേന്ദ്രമായിരുന്നു. ചിങ്ങം ഒന്ന് മാതൃഭാഷാ ദിനമായി ആചരിക്കാനുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഹ്വാനം പിന്നീട് പല സംഘടനകളും ഏറ്റെടുക്കുകയായിരുന്നു. 2010 മുതൽ വിചാര കേന്ദ്രം എല്ലാ വർഷവും മലയാള ഭാഷാ ദിനം ആചരിക്കുന്നുണ്ട്.
കർക്കടക മാസം രാമായണ മാസമായി വീണ്ടും വ്യാപകമായി ആചരിക്കപ്പെടുന്നതിന് ഭാരതീയ വിചാര കേന്ദ്രം മുഖ്യപങ്കുവഹിച്ചു. ഭഗവത് ഗീതാ പഠനക്ലാസുകൾ വ്യാപകമാക്കുന്നതിലും സ്ഥാപനത്തിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. 2000 ൽ തിരുവനന്തപുരത്ത് നടത്തിയ ഭഗവത്ഗീത സമ്മേളനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് ആശയങ്ങളുടെ ആചാര്യന്മാരായി ഇ.എം.എസും പി.ഗോവിന്ദപ്പിള്ളയും നിലകൊണ്ടപ്പോൾ അവർക്ക് ബദലായി താത്വികമായ ആശയ സംവാദം നയിച്ച ആചാര്യൻ പി.പരമേശ്വരൻ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ആശയപോരാട്ടങ്ങളുടെ ഭൂമികയായിരുന്നു ഭാരതീയ വിചാര കേന്ദ്രം. കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളിൽ കേരളീയ സ്വത്വം എന്ന ബദൽ അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ചർച്ചകൾക്ക് ഊർജം പകർന്നിരുന്നത്. പരമേശ്വർജിയുടെ ജീവിതത്തിന്റെ അവസാന നാല് പതിറ്റാണ്ടോളം ഇവിടെയായിരുന്നു.
രാഷ്ട്ര പുനർനിർമ്മാണത്തിന് ഭാരതീയ വിചാര കേന്ദ്രം
പി.പരമേശ്വരന്റെ ജന്മദിനം കൂടിയായ വിജയദശമി ദിനത്തിലാണ് രാഷ്ട്ര പുനർനിർമ്മാണത്തിനുള്ള പഠന ഗവേഷണ സ്ഥാപനമെന്ന നിലയിൽ ഭാരതീയ വിചാര കേന്ദ്രം ആരംഭിച്ചത്. 1982 ൽ ബി.എം.എസ് സ്ഥാപകൻ കൂടിയായ ദത്തോപാന്ത് ടേംഗിഡിയാണ് വിചാര കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കോട്ടയ്ക്കകത്തെ സംസ്കൃതി കേന്ദ്രത്തിലാണ് ആദ്യം തുടങ്ങിയത്. ദേശീയ തലത്തിൽ 'പ്രജ്ഞവാഹു'മായി ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തന മണ്ഡലം കേരളമാണ്. തുടക്കം മുതൽ ഇതുവരെ ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിചാര കേന്ദ്രം വിദേശ - സ്വദേശ ഗവേഷണ വിദ്യാർത്ഥികൾക്കെല്ലാം ഒരു അഭയകേന്ദ്രം കൂടിയായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും ദാർശനിക മേഖലയിലേക്കുള്ള പി.പരമേശ്വരന്റെ പിന്മാറ്റത്തിൽ നിന്ന് പിറവികൊണ്ട ഭാരതീയ വിചാര കേന്ദ്രം നിരവധി പഠന ഗവേഷണ സമ്മേളനങ്ങൾ സംസ്ഥാനത്തുടനീളം നടത്തി. ചരിത്രം, സംസ്കാരം, സാമ്പത്തികം, വികസനം, വിദ്യാഭ്യാസം, ഗവേഷണം, ആദ്ധ്യാത്മികം തുടങ്ങിയ മേഖലകളിലെല്ലാം ഭാരത സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ബദലുകൾ അവതരിപ്പിച്ചു. ഈ നിർദ്ദേശങ്ങളെ എതിർക്കുന്നവർ പോലും ഈ ചർച്ചകളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. 2001 ലാണ് സ്റ്റാച്യുവിന് സമീപം പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്. 2004 ൽ പണി പൂർത്തിയായ സംസ്കൃതി ഭവൻ എന്ന ആറ് നില കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ.എസ്.എസ് സർ സംഘചാലകായ കെ.സുദർശനാണ് നിർവഹിച്ചത്. മുമ്പ് ഡീംഡ് സർവകലാശാല പദവി ലഭിച്ചിരുന്നു. ഇപ്പോൾ ഇഗ്നോയുടെ പഠന കേന്ദ്രമാണിത്.