-bjp

ന്യൂഡൽഹി: രാജ്യസഭയിൽ ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. രാജ്യസഭയിലെ പാര്‍ട്ടി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കണമെന്നുമാണ് വിപ്പിലൂടെ അംഗങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ അപ്രതീക്ഷിത നീക്കമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന ബി.ജെ.പിയുടെ വിപ്പ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള സാദ്ധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകീകൃത സിവിൽകോഡ് ബിൽ വെള്ളിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. രാജസ്ഥാനിലെ ബി.ജെ.പി എം.പി നാരയണൺ ലാൽ പഞ്ചാരിയയാണ് ബിൽ അവതരിപ്പിക്കാനായി മുന്നോട്ടു വന്നത്. എന്നാൽ അന്ന് അവതരിപ്പിച്ചിരുന്നില്ല.

അതേസമയം, സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ഉദ്യോഗകയറ്റത്തിനായി സംവരണവും ക്വാട്ടയും അനുവദിക്കുന്നതു മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ വിധി റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്തിരുന്നാലും ഒരു സുപ്രധാന നിയമ നിർമാണമാണ് നടപ്പാക്കാൻ പോകുന്നത്. ഇന്നലെ വെെകുന്നേരം മുതൽ ഏകീകൃത സിവിൽകോഡിനെ കുറിച്ചുള്ള ചർച്ചകൾ പ്രചരിക്കുന്നുണ്ടായിരുന്നു. തീർപ്പാക്കാനുള്ള ബില്ലുകൾക്കൊപ്പം ഏകീകൃത സിവിൽകോഡ് ഉൾപ്പെടെയുള്ള ഒപ്പിടാത്ത പ്രമേയങ്ങളെ കുറിച്ച് ചർച്ചകളുണ്ടായിരുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്നായിരുന്നു രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ വാദം.

അതേസമയം, മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബഡ്ജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയില്‍ നല്‍കുന്നുണ്ട്. ഇന്നത്തോടെ സമാപിക്കുന്ന പാര്‍ലമെന്റ് സമ്മേളനം രണ്ടാം തീയതി വീണ്ടും ചേരുമെന്നുമാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സർക്കാർ നിലപാടിനെ പിന്തുണക്കണമെന്നുമാണ് രണ്ടു വരി വിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ ഏതോ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണെന്നും അതുകൊണ്ടാണ് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.