bmw-police

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. മദ്യപിച്ച് കാലുകൾ പോലും നിലത്തുറയ്ക്കാത്ത സ്ഥതിയിലായിരുന്നു അപകട സമയത്ത് ശ്രീറാം എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിട്ടും അയാളുടെ രക്ത പരിശോധന നടത്തുന്നത് പൊലീസ് വൈകിപ്പിച്ചെന്ന് ആരോപണമുയർന്നിരുന്നു. അത്തരത്തിൽ വീണ്ടും പൊലീസ് അനാസ്ഥ കാണിച്ചു എന്ന ഒരു ആരോപണം കൂടി ഉയർന്നിരിക്കുകയാണ്.

കഴി‌ഞ്ഞ ദിവസം കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് വരികയായിരുന്ന ബിഎംഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടി കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ഇന്നലെ രാത്രി 11.30ഓടെ രാജ്ഭവനടുത്താണ് സംഭവം. പോണ്ടിച്ചേരി രജിസ്ട്രേഷനിലായിരുന്നു നമ്പർ.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അപകടം കണ്ടത്. പത്ത് പോലീസുകാരെങ്കിലും അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവർ വാഹനത്തിന്റെ നമ്പർ ചുരണ്ടിമാറ്റിയെന്നും,വിലകൂടിയ വണ്ടി അല്ലായിരുന്നെങ്കിൽ നമ്പർ മാറ്റാൻ പോലീസ് സമ്മതിക്കില്ലായിരുന്നുവെന്നും നാട്ടുകാർ വിമർശിക്കുന്നു.