wedding

പത്തനംതിട്ട: അടൂരിൽ നിർധന കുടുംബത്തിലെ ഹിന്ദു യുവതിയുടെ വിവാഹം നടത്താൻ മുന്നിൽ നിന്ന് ഓർത്തഡോക്സ് ഇടവക. ഏഴംകുളം സ്വദേശി കാർത്തികേയന്റെ മകൾ കെ കലയുടെ വിവാഹമാണ് ഓര്‍ത്തോഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ നടന്നത്. നൂറനാട് പാറ്റൂർ മണ്ണുവടക്കേതിൽ യശോധരന്റെയും രാധയുടെയും മകൻ രഞ്ജിത്താണ് വരൻ. അടൂർ പാർഥസാരഥി ക്ഷേത്രത്തിൽനടന്ന വിവാഹത്തിന് അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയാണ് നേതൃത്വം നൽകിയത്.

ടാപ്പിംഗ് തൊഴിലാളിയായിരുന്ന കാർത്തികേയന് ഒരുവർഷം മുമ്പാണ് കാൻസർ പിടിപ്പെട്ടത്. ചികിത്സ ആരംഭിച്ചതോടെ ജോലിചെയ്യാൻ സാധിക്കാതെയായി. ഇതോടെ വരുമാനം നിലച്ചു. ആ സമയത്താണ് കലയ്ക്ക് വിവാഹാലോചനകൾ വന്നത്. പക്ഷേ, സാമ്പത്തികം തടസമായി. കലയെ കൂടാതെ ഒരു മകളും മകനും കൂടിയുണ്ട് ഇദ്ദേഹത്തിന്. മകന് കൂലിപ്പണിയാണ്. മകൾ വിദ്യാർത്ഥിനിയും. സാമ്പത്തികം പ്രശ്നമല്ലെന്നും കല്യാണം രജിസ്ട്രാർ ഓഫീസിൽ നടത്താമെന്ന ആഗ്രഹവുമായി രഞ്ജിത്തെത്തി. പക്ഷേ, കല്യാണം നാട്ടുരീതിവച്ച് കരക്കാരെ വിളിച്ച് നടത്തണം എന്ന ആഗ്രഹം കാർത്തികേയനുണ്ടായിരുന്നു.

പള്ളി പെരുന്നാളിനോടനുബന്ധിച്ച് കല്യാണ നടത്തിപ്പിന് അപേക്ഷ ക്ഷണിക്കുന്ന വിവരം ബന്ധുവിൽനിന്നാണ് അറിഞ്ഞത്. തുടർന്ന് പള്ളിയിൽ അപേക്ഷ നൽകി. പള്ളിയുടെ ശതാബ്ദി സ്മാരക മംഗല്യ നിധി പദ്ധതിയുടെ ഭാഗമായി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു ഈ വിവാഹം. കഴിഞ്ഞ വർഷം നടന്ന ശതാബ്ദിയോട് അനുബന്ധിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിവാഹത്തിനു ശേഷം വധൂവരൻമാരെ പളളിയിലേക്കു സ്വീകരിച്ചു. ഇതു മൂന്നാമത്തെ കല്യാണമാണ് പള്ളി നടത്തുന്നത്.