ചോദ്യം : സദ്ഗുരു, ഞാനൊരു നടനും എഴുത്തുകാരനുമാണ്, ഈ പ്രപഞ്ചം ക്രമരഹിതവും കുഴഞ്ഞു മറിഞ്ഞതുമാണോ? ഇവിടെ നമ്മൾ ശരിക്കും കളിക്കാരാണോ അതോ മറ്റാരോ നമ്മളെകൊണ്ട് കളിപ്പിച്ച് അത് നിരീക്ഷിക്കുന്നുണ്ടോ ?
സദ്ഗുരു: ആ ചോദ്യത്തെ കുറച്ചുകൂടെ ലളിതമാക്കിത്തരാം. ഞാൻ നയിക്കുന്ന ജീവിതത്തിൽ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോ അതോ മറ്റെവിടെയോ നിന്ന് നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണോ? എന്നെ പന്തുപോലെ തട്ടിക്കളിച്ചു കൊണ്ടിരിക്കുകയാണോ? അതോ എനിക്കും പന്ത് തട്ടാനാവുമോ? നമ്മുടെ സംസ്കാരത്തിൽ മാത്രമാണ് നമ്മുടെ ജീവിതം നമ്മുടെ കർമമാണെന്ന് പറഞ്ഞിരിക്കുന്നത് . അതിനർത്ഥം നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയാണെന്നാണ്. ഇതാണ് ഏറ്റവും പരിവർത്തനാത്മകമായ ജീവിതരീതി. നിർഭാഗ്യവശാൽ, നമ്മൾ ഏറ്റവും മഹത്തായ ആ സമീപനത്തെ ഏറ്റവും വിനാശകരമായ രീതിയിൽ 'അയ്യോ കർമ്മ"എന്നുപറഞ്ഞ് എല്ലാം മറ്റെവിടുന്നോ സംഭവിക്കുന്നതായി നോക്കിക്കാണുന്നു.
കർമ്മമെന്നാൽ നിങ്ങളുടെ പ്രവൃത്തി. നിങ്ങളിവിടെ ഇരിക്കുമ്പോൾ പലതരം പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ദിവസത്തിൽ 24 മണിക്കൂറും ശാരീരികമായതും മാനസികമായതും വൈകാരികമായതും ഊർജപരമായതുമായ പ്രവൃത്തികൾ നിങ്ങളിൽ സംഭവിക്കുന്നുണ്ട്. നിങ്ങൾ ബോധവാന്മാരാണെങ്കിലും ശ്രദ്ധാലുവാണെങ്കിലും ഉറങ്ങുകയാണെങ്കിലും നിങ്ങളിൽ ഈ നാല്
തലത്തിലുമുള്ള പ്രവൃത്തികളുമുണ്ട്. അതിൽ ബോധപൂർവമുള്ള എത്ര പ്രവൃത്തികളുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്? പലർക്കും അത് ഒരു ശതമാനത്തിൽ കുറവായിരിക്കും! 90 ശതമാനമോ അതിലധികമോ അബോധപൂർവമുള്ള പ്രവൃത്തികളാണ്. 90 ശതമാനം പ്രവൃത്തികളും അബോധപൂർവമാണെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് തോന്നും മറ്റാരോ നിങ്ങളിലൂടെ എന്തോ ചെയ്യുന്നുവെന്ന്.
ബോധത്തെക്കുറിച്ച് പറയുമ്പോൾ കൂടുതൽ ബോധവാന്മാരാകുക എന്നതാണ് അർത്ഥമാക്കുന്നത് . നിങ്ങളുടെ ബോധപൂർവമുള്ള പ്രവൃത്തികൾ ഒരു ശതമാനത്തിനു പകരം രണ്ട് മുതൽ അഞ്ച് ശതമാനം വരെയാക്കിയാൽ പെട്ടെന്ന് കൂടുതൽ കരുത്താർജിച്ചതായി അനുഭവപ്പെടും. കൂടാതെ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് നിങ്ങൾ ഒരു അമാനുഷനായി തോന്നും. കാരണം നിങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്നതിനെക്കുറിച്ചും നിങ്ങളിലേക്ക് വരുന്നതിനെക്കുറിച്ചും നിങ്ങൾ കൂടുതൽ ബോധവാനായിരിക്കും. അപ്പോൾ കാണാൻ സാധിക്കും ഇത് നിങ്ങളുടെ തന്നെ സൃഷ്ടിയാണെന്ന്. 'കർമ്മ' എന്നതിലൂടെ പറയുന്നത് 'നിങ്ങളുടെ ജീവിതം നിങ്ങളുടെ തന്നെ സൃഷ്ടിയാണെന്നാണ്.'