മുംബയ്: അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണർവ് പകരാനുമായി വായ്‌പാ വിതരണത്തിൽ ഇളവുകളുമായി റിസർവ് ബാങ്ക്. നിലവിൽ, വായ്‌പ നൽകുമ്പോൾ, അതിന് ആനുപാതികമായ തുക നിക്ഷേപങ്ങളിൽ നിന്ന് ബാങ്കുകൾ കരുതൽ ധന അനുപാതമായി (സി.ആർ.ആർ) നീക്കിവയ്‌ക്കണം.
നിക്ഷേപത്തിന്റെ നാല് ശതമാനമായിരിക്കണം സി.ആർ.ആർ എന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം. വായ്‌പാ തിരിച്ചടവിന് ഉപഭോക്താവിന് നൽകിയ സമയപരിധിയിൽ ഉടനീളം ബാങ്ക് ഇത് പാലിക്കണം. എന്നാൽ, ഈ വർഷം ജനുവരി 31നും ജൂലായ് 31നും ഇടയിൽ നൽകിയ വായ്‌പകളിന്മേൽ ആദ്യ അഞ്ചുവർഷത്തേക്ക് സി.ആർ.ആർ പാലിക്കേണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഭവന വായ്‌പ, വാഹന വായ്‌പ, എം.എസ്.എം.ഇ വായ്‌പ എന്നിവയ്ക്കാണ് ഇത് ബാധകം. ഈ വിഭാഗങ്ങൾക്ക് വായ്‌പയ്ക്കായി കൂടുതൽ തുക നീക്കിവയ്‌ക്കാൻ ഇതിലൂടെ ബാങ്കുകൾക്ക് കഴിയും.
ഈ മൂന്നു മേഖലയിലെയും വായ്‌പാ വിതരണ വളർച്ചയും സമ്പദ്‌വളർച്ചയും മെച്ചപ്പെടുന്നതുവരെ ഇളവ് നീട്ടിനൽകാൻ ഒരുക്കമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഭവന വായ്‌പാ തിരിച്ചടവിന് ഉപഭോക്താക്കൾക്ക് പത്തുവർഷത്തിനുമേൽ ലഭിക്കുന്നുണ്ട്. വാഹന വായ്‌പയ്ക്ക് ഏഴുവർഷത്തേളവും ലഭിക്കുന്നു. ഇതിൽ, അഞ്ചുവർഷത്തേക്ക് സി.ആർ.ആറിൽ ഇളവ് ലഭിക്കുന്നത് ബാങ്കുകൾക്കും വലിയ നേട്ടമാണ്.
2019ൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.35 ശതമാനം കുറച്ച്, ദശാബ്‌ദത്തിലെ ഏറ്റവും താഴ്‌ചയായ 5.15 ശതമാനമാക്കിയെങ്കിലും വായ്‌പാ ഡിമാൻഡ് കൂടിയിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ്, സി.ആർ.ആറിൽ ഇളവ് നൽകിയത്.
എന്താണ് നേട്ടം?
സി.ആർ.ആർ ചട്ടം പാലിക്കാൻ പണം നീക്കിവയ്‌ക്കേണ്ട എന്നതിനാൽ, വായ്‌പകൾക്കായി കൂടുതൽ തുക വകയിരുത്തൻ ബാങ്കുകൾക്ക് കഴിയും. ഇത്, വായ്‌പാ ലഭ്യതയും വായ്‌പാ വിതരണ വളർച്ചയും കൂട്ടും.
നേട്ടം ആർക്ക്?
ഭവന വായ്‌പ, വാഹന വായ്‌പ, എം.എസ്.എം.ഇ വായ്‌പ എന്നിവയ്ക്കാണ് ഇളവ് ബാധകം. ഈ മേഖലയിലെ ഉപഭോക്താക്കൾക്കും റിയൽ എസ്‌റ്രേറ്ര് രംഗത്തിനും വാഹന വിപണിക്കും ഉപകാരപ്രദമാണ് ഈ ഇളവ്.
എന്തുകൊണ്ട്
ഇളവ്?
ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം ദശാബ്‌ദത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 5 ശതമാനത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ.
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റിയൽ എസ്‌റ്റേറ്ര്, വാഹന വിപണി, എം.എസ്.എം.ഇ മേഖലകളിൽ കൂടുതൽ പണമെത്തിയാൽ ജി.ഡി.പി വളർച്ചയ്ക്ക് ഉണർവേകാനാകും.
6.5%
വായ്‌പാ വിതരണത്തിൽ വളർച്ച കൂട്ടുകയും റിസർവ് ബാങ്കിന്റെ ലക്ഷ്യമാണ്. 2018-19ൽ വായ്പാ വിതരണം 13.3 ശതമാനം ഉയർന്നിരുന്നു. 2019-20ൽ പ്രതീക്ഷ 6.5 ശതമാനമാണ്.