ഇസ്ലാമാബാദ്: അടുത്ത 48 മണിക്കൂറിനുള്ളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങൾ മനസിലാക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും പാർട്ടിയിലെ വക്താക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കൂടാതെ ഇന്ന് ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗവും ചേർന്നിട്ടുണ്ട്. രാജ്യം നേരിടുന്ന പല പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് സുപ്രധാന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന സൂചനയുണ്ട്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വില വർദ്ധനവിനെ തുടർന്ന് സർക്കാരിനെതിരെ വൻ ജനരോഷമാണ് ഉയർന്നുവരുന്നത്. ഇതിന് പരിഹാരം കണ്ടേക്കുമെന്ന സൂചനയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഭരണപക്ഷ പാർട്ടിയായ പാകിസ്ഥാൻ തെഹരിക് ഇൻസാഫിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. സർക്കാരിനെതിരെ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ഇമ്രാൻഖാൻ യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. മാദ്ധ്യമങ്ങൾക്ക് സർക്കാരിനെ വിമർശിക്കുന്നതിനുള്ള അവസ്ഥ ഉണ്ടാക്കരുതെന്ന് ഇമ്രാൻ ഖാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹാഫിസ് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹാരം കാണുന്നതിനുള്ള പദ്ധതികളാണ് യോഗത്തിൽ ചർച്ച ചെയ്തത്. സർക്കാരിനെതിരെ ഉണ്ടായ ജനരോഷം മറികടക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കൊള്ളും. ഇതിനായി ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില കുറക്കാനുള്ള സാദ്ധ്യതകളും സർക്കാർ തേടിയേക്കും. നേരത്തെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വില വർദ്ധനവിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണിത്.