ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വർഷങ്ങളോളം നിലനിർത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ എട്ടുവർഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്നു ഇന്ത്യയെ പിന്തള്ളി സൗദി അറേബ്യയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. എന്നാൽ ഇന്ന് കാര്യങ്ങളുടെ ഗതി മാറി. ഇന്ത്യയിൽ നിന്ന് 42 രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
42 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങൾ കയറ്റി അയയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു. അസർബൈജാൻ, സീഷെൽസ്, എസ്റ്റോണിയ, ഇന്തോനേഷ്യ, ഗ്വിനിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങൾ കയറ്റി അയക്കുന്നത്. ഇതോടൊപ്പം ആസ്ട്രേലിയ, ജർമ്മനി എന്നീ രാഷ്ട്രങ്ങളും ഉൾപ്പെടും. 5.56x45എം.എം എം.കെ എൻ വെടിയുണ്ടകളാണ് ആസ്ട്രേലിയിലേക്ക് കയറ്റി അയക്കുന്നത്. സംരക്ഷിത ശിരോവസ്ത്രവും ഹാർഡ് കവച പ്ലേറ്റുകളും അസർബൈജാനിലേക്കും ഹെൽമെറ്റ്, ബോംബ് സ്ഫോടനം തടയാനുള്ള പുതപ്പ്, കവച പാനലുകൾ എന്നിവ ജർമ്മനിയിലേക്കും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
കൂടാതെ ഗ്വിനിയയിലേക്ക് സ്ലീപ്പിംഗ് ബാഗ്, മോർട്ടർ ഷെൽ കവർ ഇസ്രയേലിലേക്ക്, ഹാർഡ് കവർ പ്ലേറ്റുകൾ നെതർലാൻഡിലേക്കും അമേരിക്കയിലേക്കും അയക്കുന്നുണ്ട്. സിംഗപ്പൂരിലേക്കുള്ള ആക്‌സസറികളുള്ള ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെൽമെറ്റുകളും, ദക്ഷിണാഫ്രിക്കയിലേക്കുള്ള ഡിറ്റണേറ്ററുകളും, തായ്‌ലൻഡിലേക്കുള്ള നൈറ്റ് വിഷൻ ബൈനോക്കുലറുകളും ഇന്ത്യയാണ് കയറ്റുമതി ചെയ്യുന്നത്. ഖത്തർ, ലെബനൻ, ഇറാഖ്, ഇക്വഡോർ, ഉറുഗ്വേ, ജപ്പാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ശരീര സംരക്ഷണ ഉപകരണങ്ങളും ഇന്ത്യയാണ് കയറ്രുമതി ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
ആയിരത്തിലധികം ഇന്ത്യൻ, വിദേശ കമ്പനികളെയും 40ൽ അധികം വിദേശ പ്രതിനിധികളെയും ഉൾപ്പെടുത്തി ലഖ്‌നൗവിൽ സംഘടിപ്പിച്ച പ്രതിരോധ എക്‌സ്‌പോ നടന്നിട്ട് ദിവസങ്ങൾ കഴിയുമ്പോഴാണ് പാർലമെന്റിൽ മന്ത്രിയുടെ പ്രതികരണം.
ആയുധങ്ങളുടെ കാര്യത്തിൽ വിദേശ കമ്പനികളേയും രാജ്യങ്ങളേയും ആശ്രയിക്കുന്ന സ്വഭാവത്തിൽ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയിൽ നിർമ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിമൂലം ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തിന്റെ ആവശ്യത്തിനുള്ള ആയുധങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ വിദേശ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങൾക്കും ആയുധം നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് നിലവിൽ ഇന്ത്യ നടപ്പിലാക്കുന്നത്. ഇതിലൂടെ 2025 ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങൾ വിവിധ രാജ്യങ്ങൾക്ക് വിൽപ്പന നടത്താൻ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.