'കുട്ടിക്കാലത്ത് മഹാകുസൃതിയായിരുന്നു ഈ പയ്യൻ, വേണമെങ്കിൽ ഒരു ബുക്ക് എഴുതാം'- ലോകപ്രശസ്‌തനായ ക്യാൻസർ രോഗവിദഗ്‌ദ്ധനും മലയാളിയുമായ ഡോ. എം.വി പിള്ള ( എം.വേലായുധൻ പിള്ള)യുടെ വാക്കുകളാണിത്. 'പുഴകടന്ന് പൂക്കളിലേക്ക്' എന്ന മോഹൻലാലിന്റെ പുസ്‌തകം അടുത്തിടെ അദ്ദേഹം പ്രകാശനം ചെയ്‌തിരുന്നു. മഹാനടനുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിലാണ് ഡോ. എം.വി പിള്ള മനസു തുറന്നത്. നടന്മാര പൃഥ്വിരാജന്റെയും ഇന്ദ്രജിത്തിന്റെ അമ്മാവൻ കൂടിയാണ് ഡോ. പിള്ള.
'മോഹൻലാലുമായിട്ടുള്ള എനിക്ക് സിനിമയിൽ നിന്നുള്ള ബന്ധമല്ല. ഞാനും ലാലുമൊക്കെ ഒരുമിച്ച് വളർന്നതാണ്.അദ്ദേഹം മുടവൻ മുകളിലും ഞാൻ പൂജപ്പുരയിലും. കുട്ടിക്കാലത്ത് മഹാകുസൃതിയായിരുന്നു ഈ പയ്യൻ. മഹാകുസൃതി എന്നുപറഞ്ഞാൽ അതിനെ കുറിച്ച് ഒരു പുസ്‌തകമെഴുതാം. രാവിലയൊക്കെ ചിലപ്പോൾ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്യും ഞങ്ങളുടെ വീട്ടിൽ കൊണ്ടുവിടും. അവിടെ കിടന്ന് സകല കുസൃതിയും കാണിക്കും. അങ്ങനെ വളർന്നതാണ്. ആ ഒരു ആത്മബന്ധം ഇപ്പോഴുമുണ്ട്. ഞങ്ങളൊക്കെ ലാലു എന്നാണ് വിളിക്കുന്നത്.
എനിക്ക് അദ്ദേഹത്തോടുള്ള വലിയ ആദരവ് സിനിമാ ഫീൽഡിൽ നിന്നല്ല. എങ്ങനെ ജീവിതത്തിലെ യശസ്, സമ്പത്ത്, കീർത്തി എന്നിവ മനോഹരമായിട്ട് ഹാൻഡിൽ ചെയ്യാമെന്ന് യുവതലമുറ അങ്ങേരിൽ നിന്ന് കണ്ടു പഠിക്കണം. ഞാൻ വേറൊരാളിൽ ഇങ്ങനെ കണ്ടിട്ടില്ല. ഇത്രയൊക്കെ ആർജിച്ച മോഹൻലാലിന് അതിൽ ഒരു ലാഞ്ചനയുമില്ല. അദ്ദേഹത്തിന്റെ അഭിനയശൈലിയാണെന്നാണ് എനിക്ക് തോന്നുന്നത്. ബാക്കിയുള്ള ഒരുവിധപ്പെട്ട നടന്മാരെല്ലാം ഒരുറോൾ എടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തു കടക്കാൻ കുറച്ചു ബുദ്ധിമുട്ടാറുണ്ട്. ഈ മനുഷ്യൻ അങ്ങനെയല്ല. ഏതുസംവിധായകനോടും ചോദിച്ചു നോക്കൂ. കട്ട് പറഞ്ഞു കഴിഞ്ഞാൽ ഏതുവേഷത്തിലാണോ മോഹൻലാൽ അഭിനയിച്ചത് അതിൽ നിന്ന് അങ്ങേര് പുറത്തു ചാടിയിരിക്കും. പിന്നവിടെ ചമ്രം പടഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കും. അസാധാരണമായ കഴിവാണത്. ചിലസമയത്ത് അദ്ദേഹം സംസാരത്തിന്റെ ഉച്ചസ്ഥായിലെത്തുമ്പോഴേക്കും ഇരിക്കുന്ന കസേരയിൽ നിന്ന് താഴെയിറങ്ങി ചമ്രം പടഞ്ഞിരിക്കും. ഇതാണല്ലോ പത്തുനാൽപ്പത് കൊല്ലം മുമ്പ് നമ്മൾ കണ്ടതെന്ന് ഞാൻ പെട്ടെന്ന് ഓർത്തുപോകും.'