ദുബായ്: കളഞ്ഞുപോയ പണവും പേഴ്സുമടക്കം അഫ്ഖാൻ പൗരന് തിരികെ ഏൽപ്പിച്ച് ലുലു ജീവനക്കാരൻ. ഷാർജ അൽഫല ലുലു ഹൈപ്പർ മാർക്കറ്റിലെ ട്രോളി ബോയി മൻ ബഹാദുർ ഥാപ്പായാണ്(40) മാർക്കറ്റിന് പിറകിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് കിട്ടിയ പഴ്സും പണവും തിരികെ നൽകി മാതൃകയായത്. അഞ്ചര ലക്ഷത്തിലധികം രൂപയായിരുന്നു ഉണ്ടായിരുന്നത്.
മൻ ബഹാദുർ ഥാപ്പ തന്റെ ജോലി കഴിഞ്ഞ് മുറിയിലേക്ക് പോകുമ്പോഴാണ് പാർക്കിംഗ് ഏരിയയിൽ പേഴ്സ് കണ്ടത്. പഴയ പേഴ്സ് പോലെ തോന്നിയെങ്കിലും തുറന്നു നോക്കിയപ്പോഴാണ് 28000 ദിർഹം കണ്ടതെന്നും ഉടൻ തന്നെ സെക്യൂരിറ്റിയെ പഴ്സ് ഏൽപ്പിക്കുകയായിരുന്നെന്നും ബഹാദുർ പറഞ്ഞു. തുടർന്ന് പേഴ്സിൽ കണ്ട നമ്പറിൽ വിളിച്ചു പണം തിരികെ ഏൽപ്പിക്കുകയായിരുന്നു.
നേപ്പാളിലെ ഗുൽമിയിലാണ് മൻ ബഹാദുറിന്റെ ഗ്രാമം. ഇവിടെ എത്തിയിട്ട് ഏഴുവർഷമായി. ഇയാളുടെ ഭാര്യയും നാലുമക്കളും മാതാവും നേപ്പാളിലാണ്. അതേസമയം, തന്റെ പണം തിരികെ ഏൽപ്പിച്ചതിന് ബഹാദൂറിന് അഫ്ഖാൻ പൗരൻ പാരിതോഷികവും നൽകിയിരുന്നു. എന്നാൽ, പാരിതോഷികമായി തന്ന പണം ആദ്യം നിരസിച്ചെങ്കിലും മാനേജരും മറ്റുള്ളവരും നിർബന്ധിച്ചപ്പോൾ സ്വീകരിച്ചെന്നും ബഹാദൂർ പറഞ്ഞു.