ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 63 സീറ്റുകളിലും ബി.ജെ.പി 7 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല. മണ്ഡലത്തിൽ ആം ആദ്മിയുടെ അമാനുത്തുള്ള ഖാൻ ആണ് വിജയിച്ചത്.
പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു. ഇവിടെ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകളുടെ എണ്ണമാണ് ശ്രദ്ധേയമാകുന്നത്.
ആകെ 47 വോട്ടുകൾ മാത്രമാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്‌ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയിൽ മത്സരിച്ചത്. മാത്രമല്ല ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് എ.എപിയുടെ അമാനത്തുള്ള ഖാൻ വിജയം നേടിയത്. എന്നാൽ കോൺഗ്രസിന് ഒരു സീറ്റു പോലും നേടാനാകാത്തത് പാർട്ടി നേതൃത്വത്തിന് തന്നെ നാണക്കേടാണ്.