colonel

അമൃത്‌സർ: സിവിലിയൻ ജീവനക്കാരിയെ സ്വന്തം ഓഫീസിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ സൈന്യത്തിലെ കേണലിനെതിരെ 'കോർട്ട് ഒഫ് ഇൻക്വയറി' ആരംഭിച്ച് സേന. കേണൽ തന്റെ ഓഫീസിൽ വച്ച് ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ രണ്ട് ജവാന്മാർ ചേർന്ന് പകർത്തിയിരുന്നു.

ഇത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൽ സൈന്യം ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റാരോപിതനായ കേണൽ പിന്നീട് സേനയിൽ നിന്നും വിരമിച്ചിരുന്നു. ടൈംസ്‌നൗ ഡോട്ട് കോമാ'ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കേണൽ മനപ്പൂർവം തങ്ങളെ ഇരയാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് 25 രജ്പുത്താൻ റൈഫിൾസിലെ രണ്ട് സൈനികരാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് പരാതി നൽകിയത്. തങ്ങളോട് അവഗണനയോടെയും അവഹേളിക്കുന്ന രീതിയിലും പെരുമാറിയിരുന്ന കേണലിനെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നും സൈനികർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കേണലിന്റെ തെറ്റായ പ്രവർത്തികൾ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്നും ഇവർ പറയുന്നു. സേനയിൽ നിന്നും വിരമിച്ച കേണലിനെതിരെയും അതിനൊപ്പം രണ്ട് ജവാന്മാർക്കെതിരെയും ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേണലിനെ ബ്ലാക്ക് മെയിൽ ചെയ്യാനായി ശ്രമിച്ചുവെന്ന് കണ്ടാണ് ജവാന്മാർക്കെതിരെയും അന്വേഷണം ഉണ്ടായത്.