ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി
മൂന്നാം ഏകദിനത്തിൽ ഇന്ത്യ 5 വിക്കറ്രിന് തോറ്രു
മൗണ്ട് മാംഗനൂയി: ട്വന്റി-20യിലെ സമ്പൂർണ തോൽവിക്ക് ഏകദിന പരമ്പര തൂത്തുവാരി കിവികളുടെ മാസ് മറുപടി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് കീഴടക്കി ന്യൂസിലൻഡ് 3-0ത്തിന് ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെ (112) സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു.
മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 47.1 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു.
സൂപ്പർ ചേസ്
മാർട്ടിൻ ഗപ്ടിൽ (66), ഹെൻറി നിക്കോളാസ് (80), ഗ്രാൻഡ് ഹോമ്മെ (58) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ന്യൂസിലൻഡിന് തകർപ്പൻ ജയമൊരുക്കിയത്.
ഓപ്പണണിംഗ് വിക്കറ്രിൽ ഗപ്ടിലും നിക്കോളാസും 106 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ചേസിംഗിന് നല്ല അടിത്തറയിട്ടുകൊടുത്തു. 46 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 66 റൺസെടുത്ത ഗപ്ടിലിനെ 16മത്തെ ഓവറിലെ മൂന്നാം പന്തിൽ ക്ലീൻബൗൾഡാക്കി ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. പരിക്കിൽ നിന്ന് മോചിതനായി പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങിയ നായകൻ കെയ്ൻ വില്യംസണും (21), വിക്കറ്റ് കീപ്പർ ടോം ലതാമും (പുറത്താകാതെ 32) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെറും 28 പന്തിൽ നിന്ന് 3 സിക്സും 6ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഗ്രാൻഡ്ഹോമ്മെയുടെ വെടിക്കെട്ട് ന്യൂസിലൻഡിന്റെ വിജയം അനായാസമാക്കി.
പവറില്ലാത്ത പേസ്
ഇന്ത്യൻ ബൗളർമാരിൽ യൂസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയപ്പോൾ പേസ് ഡിപ്പാർട്ട്മെന്റ് പാടെ നിറം മങ്ങി. ഷർദ്ദുൾ തക്കൂർ 9.1 ഓവറിൽ 87 റൺസ് വഴങ്ങിയാണ് 1 വിക്കറ്റെടുത്തത്. സെയ്നി 8 ഓവറിൽ നൽകിയത് 68 റൺസ്. തമ്മിൽ ഭേദം ബുംറ ആയിരുന്നെങ്കിലും വിക്കറ്റൊന്നും അദ്ദേഹത്തിന് വീഴ്ത്താനായില്ല. ഷമിയെ ഇന്നലെയും പുറത്തിരുത്തി.
രാഹുൽ കാലം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അഞ്ചാം നമ്പരിൽ സ്ഥാനമുറപ്പിച്ച പ്രകടനം പുറത്തെടുത്ത രാഹുൽ 113 പന്ത് നേരിട്ടാണ് 9 ഫോറും 2 സിക്സറുകളും ഉൾപ്പെടെ 112 റൺസിന്റെ ക്ലാസിക്ക് ഇന്നിംഗ്സ് കാഴ്‌ചവച്ചത്. നാലാം നമ്പർ ഏറെക്കുറെ ഉറപ്പിച്ച ശ്രേയസ് അയ്യർ (62) അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി. മനീഷ് പാണ്ഡേയും (42), പ്രിഥ്വി ഷായും (40) അവസരം മുതലാക്കി നന്നായി ബാറ്റ് ചെയ്തപ്പോൾ മായങ്ക് അഗർവാൾ (1), വിരാട് കൊഹ്‌ലി (9) എന്നിവർ നിരാശപ്പെടുത്തി.
രാഹുൽ ശ്രേയസിനൊപ്പവും (100), മനീഷിനൊപ്പവും (107) പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ഇന്ത്യൻ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ന്യൂസിലൻഡിനായി ബെന്നറ്ര് 4 വിക്കറ്ര് വീഴ്ത്തി.