tweet

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനും 'ആപി'നും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഡൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നടപ്പിൽ വരുത്താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ചൊവാഴ്ച വൈകുന്നേരം 6.31നാണ് മോദി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

tweet

ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മി വൻ മുന്നേറ്റം നടത്തിയിരുന്നു. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ അവിടെ ബി.ജെ.പിക്കായില്ല. അതേസമയം, ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിയുകയായിരുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് 70ൽ 62 സീറ്റുകൾ ആം ആദ്മിയും 8 സീറ്റുകൾ ബി.ജെ.പിയും നേടിയിരുന്നു.

ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും എ.എ.പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. ഡൽഹിയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. മൂന്നാം തവണയും ഭരണത്തിലേറി എ.എ.പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു. പോസ്റ്റൽ വോട്ട് എണ്ണിതുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നീടങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു.