bpcl

ഇന്നലെ അന്തരിച്ച പ്രശസ്ത വോളിബാൾ കോച്ച് എം.ടി സാമുവലിനെ മുൻ ഇന്ത്യൻ വോളി താരം ടോം ജോസഫ് അനുസ്മരിക്കുന്നു

1999 ൽ ഒരു കൗമാരക്കാരന്റെ എല്ലാ വിഹ്വലതകളുമായി കൊച്ചിൻ പോർട്ട് ട്രസ്റ്റിലേക്ക് ഞാൻ കടന്നുവരുമ്പോൾ അവിടെ പരിശീലകനായിരുന്നു സാമുവൽ സാർ. പിന്നീട് കേരള ടീമിനായി നിരവധി സീനിയർ നാഷണലുകളിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കളിച്ചു. ബി.പി.സി.എല്ലിലും അദ്ദേഹം എന്റെ കോച്ചായെത്തി. എന്റെ പ്രൊഫഷണൽ കരിയറിന്റെ തുടക്കം മുതൽ ഇവിടം വരെ ഒപ്പമുണ്ടായിരുന്ന വലിയൊരു തണലാണ് ഇന്നലെ ഇല്ലാതായത്.
എന്തു പ്രശ്നങ്ങൾക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ, അതായിരുന്നു സാമുതൽ സാർ. എത്ര സമ്മർദ്ദമേറിയ മത്സരങ്ങളിലും കോർട്ടിലെ സൈഡ് ലൈനിനരികിൽ കൂളായി സാർ നിൽക്കും. ടെൻഷൻ ആവശ്യത്തിലധികം ഉള്ളിലുണ്ടാകും. പക്ഷേ ഞങ്ങൾ കളിക്കാർക്ക് അതൊന്നും ആ മുഖത്ത് കാണാനാവില്ല. ശകാരവാക്കുകളും ബഹളവും കൂടാതെ ശിഷ്യരെ പ്രചോദിപ്പിക്കാൻ പ്രാപ്തിയുണ്ടായിരുന്നു സാറിന്.
കളിയെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു സാറിന്. കഴിഞ്ഞുപോയ ഒാരോ മത്സരങ്ങളിലെയും സ്കോർബോർഡടക്കം മനപ്പാഠമായിരുന്നു.എതിരാളികളുടെ ശക്തിയെയും ദൗർബല്യത്തെയും കുറിച്ച് അവരെക്കാൾ നന്നായി മനസിലാക്കിയിട്ടുണ്ടാകും. കേരള വോളിബാളിന് വലിയ നഷ്ടമാണ് സാമുവൽ സാറിന്റെ വിയോഗം. അദ്ദേഹത്തെപ്പോലൊരാളെ പരിശീലകനായി ലഭിച്ചതാണ് എന്റെ ഭാഗ്യം. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.