പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും വിഷയമാക്കിക്കൊണ്ട് 'സിറ്റിസൺ നമ്പർ 21' എന്ന പേരിൽ പുറത്തിറങ്ങിയ സംഗീത ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. സന്ദീപ് രചനയും സംവിധാനവും നിർവഹിച്ച ആൽബത്തിൽ നടി സരസ ബാലുശ്ശേരി(സുഡാനി ഫ്രം നൈജീരിയ ഫെയിം), റാപ്പർ ഹാരിസ് സലീം എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്. സി.എ.എയെയും എൻ.ആർ.സിയെയും നിശിതമായി വിമർശിക്കുന്ന ആൽബം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകനായ സക്കരിയയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം ഈ വീഡിയോ പുറത്തുവിട്ടത്. വിൻഡോ സീറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ഹം ഭി പ്രൊഡക്ഷൻസാണ് ഈ വീഡിയോ ഗാനം നിർമിച്ചിരിക്കുന്നത്. ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിസാം പാരി, സന്ദീപ് എന്നിവർ ചേർന്നാണ്. ഏറനാടൻ ഭാഷാ ശൈലിയിലാണ് വീഡിയോയിലെ സംഭാഷണങ്ങൾ.