തിരുവനന്തപുരം: തിളക്കമാർന്ന വിജയത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേറുകയാണ്. 70 സീറ്റുകളിൽ 62 നേടിയാണ് ആം ആദ്മി ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. അതേസമയം ബി.ജെ.പിക്ക് 8 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ സി.എ.എക്കെതിരെയുള്ള പ്രതിഷേധം വലിയ രീതിയിൽ ഡൽഹി തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പരാജയം ആഘോഷിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. 'ബി.ജെ.പി തോൽക്കെട്ടെ ഇന്ത്യ ജയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ആം ആദ്മി പാർട്ടിയെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചാണ് ഡി.വൈ.എഫ്.ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. നാല് സീറ്റിൽ മത്സരിച്ച് 0.01 ശതമാനം വോട്ട് ലഭിച്ച സി.പി.എമ്മിന് ബി.ജെ.പിയെ വിമർശിക്കാൻ എന്തധികാരമാണുള്ളതെന്ന് അവർ ചോദിക്കുന്നു.
'വോട്ടെടുപ്പ് നടന്നത് വോട്ടിംഗ് മെഷീനിൽ ആയിപോയി, വാഷിംഗ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെയെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കമന്റ് ബോക്സിൽ കുറിച്ചു. പരസ്യത്തിൽ കാണുന്ന 0.01കീടാണു ആണ് സി.പി.എമ്മിന്ന് ചിലർ വിമർശിക്കുന്നു. മൊത്തം വോട്ട് വിഹിതത്തിൽ 0.01 ശതമാനം മാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. ബദർപുർ, കാരാവാൾ നഗർ, വസീർപുർ എന്നിവിടങ്ങളിലാണ് സി.പി.എം സ്വന്തം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. ബദര്‍പുരില്‍ ജഗദീഷ് ചന്ദും കാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ സി.പി.എമ്മിന് പ്രതീക്ഷിച്ച ഫലം നേടാനായില്ല. അതേസമയം സി.പി.ഐ 0.02 ശതമാനം വോട്ട് നേടി സി.പി.എമ്മിനേക്കാൽ മുന്നിലെത്തി.