ന്യൂഡൽഹി: ബി.ജെ.പിയെ തകർത്തെറിഞ്ഞുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയതോടെ ബി.ജെ.പിയെ പരിഹസിച്ച് ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായി ഉദ്ധവ് താക്കറെ. ആം ആദ്‌മി പാർട്ടിയുടെ ചൂലിന്റെ ശക്തി അവർ ഇപ്പോൾ തിരിച്ചറിഞ്ഞു എന്നായിരുന്നു ബി.ജെ.പിയുടെ പേരെടുത്ത് പറയാതെയുള്ള ഉദ്ധവിന്റെ പരിഹാസം. മുതിർന്ന നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയിട്ടും പാർട്ടിക്ക് ജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
'മാൻ കി ബാത്തി'ന് പ്രസക്തിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വ്യക്തമായിരിക്കുകയാണെന്നും അരവിന്ദ് കെജ്രിവാളിൻ്റെയും കൂട്ടരുടെയും 'ജൻ കി ബാത്താ'ണ് ഡൽഹിയിലെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്നവർ അവരുടെ ശക്തി മുഴുവൻ പുറത്തെടുത്തെങ്കിലും ആം ആദ്‌മി പാർട്ടിയുടെ ചൂലിൻ്റെ ശക്തിക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുന്നു.
'തങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കിയും ഒപ്പം നിൽക്കുന്നവരെ രാജ്യസ്‌നേഹികളും ആക്കി തീർക്കുന്നതാണ് അവരുടെ രീതി. കേജ്‌രിവാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താനുള്ള ശ്രമം പോലും നടന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അവരുടെ നീക്കങ്ങളെല്ലാം തകിടം മറിഞ്ഞതായി വ്യക്തമായി.'ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രാദേശിക വിഷയങ്ങൾ അവഗണിച്ച് രാജ്യാന്തര വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കാൻ അവർ ശ്രമം നടത്തിയെങ്കിലും കെജ്രിവാളിന്റെ മികവിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ലെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരിൽ ഡൽഹിയിലെ ജനങ്ങളെയും കേജ്‌രിവാളിനെയും താൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന്റെ പാതയിൽ കൂടുതൽ മുന്നോട്ട് പോകാൻ ആം ആദ്‌മിക്ക് കഴിയട്ടെ എന്നും ഉദ്ധവ് താക്കറെ ആശംസിച്ചു.