kerala-media-award
കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ, ഡെപ്യൂട്ടി എഡിറ്റർ വി. എസ്. രാജേഷ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2018ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ് എന്നിവയിലുമാണ് അവാർഡ്.


അച്ചടി മാദ്ധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയ്ക്കാണ് അവാർഡ്. ടിവി അഭിമുഖത്തിനുള്ള അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി. എസ്. രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോഓർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസും അർഹരായി. ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ - സൂര്യ എന്നിവരുമായി കൗമുദി ചാനലിനായി നടത്തിയ അഭിമുഖത്തിനാണ് വി. എസ്. രാജേഷിന് പുരസ്‌കാരം. ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാർഡ്.

ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പി. വി. മുരുകൻ, കെ. ആർ. ബീന, കെ. രവികുമാർ, അഡ്വ. എം. എം. മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാർഡുകൾ നിർണയിച്ചത്. പുരസ്‌കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.